ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനവുമായി ഗപ്ടില്‍, പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ട് ജയിച്ചുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഒപ്പമെത്തി. എന്നാല്‍ അവസാന ടി20യില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലാണ്ട് ഓസ്ട്രേലിയ നല്‍കിയ 143 റണ്‍സെന്ന വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറില്‍ മറികടക്കുകയായിരുന്നു.

ഗപ്ടില്‍ 46 പന്തില്‍ 71 റണ്‍സ് നേടുകയായിരുന്നു. 7 ഫോറും 4 സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ഡെവണ്‍ കോണ്‍വേ 36 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സ് പുറത്താകാതെ 16 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി റൈലി മെറിഡിത്ത് രണ്ടും ജൈ റിച്ചാര്‍ഡ്സണ്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സ് നേടിയത്. 29 പന്തില്‍ 44 റണ്‍സ് നേടിയ മാത്യു വെയിഡ് ടോപ് സ്കോറര്‍ ആയപ്പോള്‍ ആരോണ്‍ ഫിഞ്ച്(36), മാര്‍ക്കസ് സ്റ്റോയിനിസ്(26) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ന്യൂസിലാണ്ടിന് വേണ്ടി ഇഷ് സോധി മൂന്ന് വിക്കറ്റും ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.