ഹോക്ക്സിനെ മറികടന്ന് നൈറ്റ്സിനു വിജയം

ഗ്ലോബല്‍ ടി20 കാനഡയിലെ ആദ്യ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ആദ്യ മത്സരത്തില്‍ ടൊറോണ്ടോ നാഷണല്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ നടന്ന മത്സരത്തില്‍ നൈറ്റ്സ് വിന്നിപെഗ് ഹോക്ക്സിനെതിരെ 6 വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. ബൗളിംഗില്‍ ഷെല്‍ഡണ്‍ കോട്രെലും ഫവദ് അഹമ്മദും മൂന്ന് വീതം വിക്കറ്റുമായി വിജയികള്‍ക്കായി തിളങ്ങിയപ്പോള്‍ ടിം സൗത്തി ആന്‍ഡ്രേ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.

ഹോക്ക്സിനു വേണ്ടി രണ്ടാം മത്സരത്തിലും ഡേവിഡ് വാര്‍ണര്‍ പരാജയപ്പെട്ടപ്പോള്‍ ടിയോണ്‍ വെബ്സ്റ്റര്‍(49*), ഡ്വെയിന്‍ ബ്രാവോ(30), ലെന്‍ഡല്‍ സിമ്മണ്‍സ്(24) എന്നിവര്‍ക്ക് പുറമേ 5 പന്തില്‍ 17 റണ്‍സ് നേടിയ മാര്‍ക്ക് ഡെയാല്‍ എന്നിവരാണ് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ്സ് ബാബര്‍ ഹയാത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ 17.4 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 5 സിക്സ് അടക്കം 33 പന്തില്‍ നിന്ന് 65 റണ്‍സാണ് ഹയാത്ത് നേടിയത്. റാസി വാന്‍ ഡെര്‍ ഡൂസെന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ആന്‍ഡ്രേ റസ്സല്‍ 7 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. 3 സിക്സാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഡ്വെയന്‍ ബ്രാവോ കൈല്‍ ഫിലിപ്പ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാബര്‍ ഹയാത്ത് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial