ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യയ്‌ക്കെതിരായ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനെ ഇതിഹാസ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് റിക്കി പോണ്ടിംഗ്. ഹെഡ് പുറത്താകാതെ 146 റൺസ് നേടി ക്രീസിൽ നിൽക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായും ട്രാവിസ് ഹെഡ് മാറിയിരുന്നു.
“അദ്ദേഹത്തിന്റെ ബാറ്റിംഗ് ഗിൽക്രിസ്റ്റിന് സമാനമാണ്, ഹെഡ് ഗില്ലി നേടിയതിനേക്കാൾ വേഗത്തിൽ സ്‌കോർ ചെയ്യുന്നുണ്ട്. ഈ ഡബ്ല്യുടിസി യോഗ്യതാ കാലയളവിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 81 ആണ്, ഇത് 500 റൺസിന് മുകളിൽ സ്‌കോർ ചെയ്ത ലോകത്തിലെ മറ്റാരെക്കാളും ഉയർന്നതാണ്,” പോണ്ടിംഗ് പറഞ്ഞു.
“കളിക്കനുസരിച്ച് അവന്റെ ആത്മവിശ്വാസം വളരുകയാണ്, അവന്റെ സ്‌ട്രൈക്ക് റേറ്റ് ഉയർന്നുകൊണ്ടേയിരിക്കുന്നു, തന്റെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ അവൻ ബൗണ്ടറികൾ അടിച്ചു, അത് ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നു, അതാണ് നിങ്ങളുടെ മധ്യനിര കളിക്കാരിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്, അവന്റെ കഴിഞ്ഞ രണ്ട് വർഷങ്ങത്തെ പ്രകടബം വളരെ ശ്രദ്ധേയമാണ്,” പോണ്ടിംഗ് കൂട്ടിച്ചേർത്തു