മൂന്നാം ടി20യിൽ ഗില്ലിന് അര്‍ദ്ധ ശതകം, 182 റൺസ് നേടി ഇന്ത്യ

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റൺസാണ് നേടിയത്. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും നേടിയ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

ഓപ്പണര്‍മാരായ ജൈസ്വാള്‍ – ഗിൽ കൂട്ടുകെട്ട് 67 റൺസാണ് നേടിയത്. 36 റൺസ് നേടിയ ജൈസ്വാളിനെ സിക്കന്ദര്‍ റാസ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ അഭിഷേക് ശര്‍മ്മയെയും റാസ തന്നെയാണ് പുറത്താക്കിയത്. അതിന് ശേഷം 72 റൺസ് മൂന്നാം വിക്കറ്റിൽ നേടി ഗിൽ – ഗായക്വാഡ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

Ruturaj

66 റൺസ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സിംബാബ്‍വേ ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഗായക്വാഡിന് ഒരു റൺസിന് അര്‍ദ്ധ ശതകം നഷ്ടമായപ്പോള്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. 28 പന്തിൽ 49 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ 7 പന്തിൽ നിന്ന് 12 റൺസുമായി പുറത്താകാതെ നിന്നു.