കാലാവസ്ഥയെ അതിജീവിക്കുക പ്രധാനം: മഹമ്മദുള്ള

ഏഷ്യ കപ്പില്‍ ബംഗ്ലാദേശ് സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാന്‍ ടീമിനു യുഎഇയിലെ കടുത്ത കാലാവസ്ഥയെ ആദ്യം മെരുക്കേണ്ടതുണ്ടെന്ന് അറിയിച്ച് ടീമിലെ സീനിയര്‍ താരവും ഓള്‍റൗണ്ടറുമായ മഹമ്മദുള്ള. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ 4ല്‍ കടക്കുവാന്‍ ടീമിനു മികച്ച കളി പുറത്തെടുക്കേണ്ടതുണ്ട് എന്നാല്‍ അത്രത്തോളം പ്രാധാന്യമുള്ളതാണ് ടീം യുഎഇയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതുമെന്ന് മഹമ്മദുള്ള പറഞ്ഞു.

ടീം നേരത്തെ യുഎഇയില്‍ എത്തിയത് തന്നെ ഈ പ്രതികൂല കാലാവസ്ഥയുമായി ഇഴുകി ചേരുന്നതിനു വേണ്ടിയാണെന്ന് മഹമ്മദുള്ള അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്ക്കെതിരെ അടുത്തിടെ മികച്ച ചില പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ടെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടതാണെന്നും മഹമ്മദുള്ള പറഞ്ഞു.

ഇത് കൂടാതെ യുഎഇയില്‍ താമസിക്കുന്ന ബംഗ്ലാദേശികള്‍ ടീമിന്റെ പ്രോത്സാഹനത്തിനായി എത്തുമെന്നും താരം വിശ്വാസം പ്രകടിപ്പിച്ചു.