ടെസ്റ്റ് ക്രിക്കറ്റെന്ന തന്റെ ലക്ഷ്യത്തിലെത്തുവാന്‍ താന്‍ പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ട് – പ്രഭാത് ജയസൂര്യ

Sports Correspondent

Prabathjayasuriya

പാക്കിസ്ഥാനെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയുടെ 246 റൺസ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് പ്രഭാത് ജയസൂര്യയാണ്. തന്റെ നാട്ടിൽ നിന്ന് കൊളംബോയിലേക്ക് വന്ന് താമസിച്ച് കുടുംബത്തിൽ നിന്ന് അകന്ന് കഴിഞ്ഞത് പ്രയാസമേറിയ കാര്യമായിരുന്നുവെന്നും തന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കുകയും പല ത്യാഗങ്ങളും സഹിച്ചാണ് താന്‍ ടെസ്റ്റ് ക്രിക്കറ്റെന്ന ലക്ഷ്യത്തിലെത്തിയതെന്നും പ്രഭാത് കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് മുതൽ ഗോളിലെ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 29 വിക്കറ്റുകളാണ് താരം നേടിയത്. തനിക്ക് വളരെ ഏറെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ സമ്മര്‍ദ്ദം കുടുംബത്തിന്മേൽ വരാതിരിക്കുവാന്‍ താന്‍ ഏറെ പരിശ്രമിച്ചുവെന്നും താരം വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്സിൽ അഞ്ച് നിര്‍ണ്ണായക വിക്കറ്റുകള്‍ താരം നേടിയപ്പോള്‍ അതിൽ പ്രധാനം ബാബര്‍ അസമിനെ വീഴ്ത്തി മുഹമ്മദ് റിസ്വാനുമായുള്ള കൂട്ടുകെട്ട് തകര്‍ത്തതാണ്. അസമിനെയും റിസ്വാനെയും പുറത്താക്കിയ താരം മത്സരത്തിൽ ശ്രീലങ്കയുടെ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു.