“ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ” – ദ്രാവിഡിനെതിരായ നോട്ടീസിനെ വിമർശിച്ച് ഗാംഗുലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനുമായ രാഹുൽ ദ്രാവിഡിനെതിരെ താല്പര്യങ്ങളിലെ വൈരുദ്ധ്യം കാണിച്ച് നോട്ടീസ് അയച്ച ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനത്തെ വിമർശിച്ച് സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞ ഗാംഗുലി ഇത് ചിലരുടെ വാർത്തകളിൽ നിൽക്കാനുള്ള ശ്രമം മാത്രമാണെന്നും പറഞ്ഞു.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ സഞ്ജീവ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐയുടെ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ നോട്ടീസ് അയച്ചത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്സ് ഗ്രൂപ്പിൽ വൈസ് പ്രസിഡന്റ് കൂടിയാണ് എന്നതാണ് ഈ പരാതിക്ക് കാരണം. നോട്ടീസ് പ്രകാരം ഓഗസ്റ്റ് 16ന് മുൻപ് തന്നെ ദ്രാവിഡ് ഇതിന് മറുപടി നൽകണം. തുടർന്ന് ഡി.കെ ജെയിനിന്റെ തീരുമാനത്തിന് അനുസരിച്ച് ദ്രാവിഡ് നേരിട്ട് ഹാജരാവുകയും വേണം.

നേരത്തെ സച്ചിൻ ടെണ്ടുൽക്കർക്ക് എതിരെയും വി.വി.എസ് ലക്ഷമണന് എതിരെയും പരാതി നൽകിയത് സഞ്ജീവ് ഗുപ്ത തന്നെയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിക്കെതിരെയും താല്പര്യങ്ങളിലെ വൈരുദ്ധ്യം കാണിച്ച് ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു. ഗാംഗുലിക്ക് ഒപ്പം ഹർഭജൻ സിംഗും ഈ നടപടിക്ക് എതിർവ് രംഗത്ത് വന്നു. ഇതിഹാസമായ ദ്രാവിഡിനെ അപമാനിക്കൽ ആണ് ഇത് എന്നായിരുന്നു ഹർഭജന്റെ പ്രതികരണം.