അർഷ്ദീപ് മിച്ചലിനെതിരെ ത്രോ ചെയ്തത് തെറ്റല്ല; പിന്തുണയുമായി ഗൗതം ഗംഭീർ

ടി20 ലോകകപ്പ് ഫൈനലിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന് നേരെ പന്തെറിഞ്ഞ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിന് ഐ.സി.സി മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയിരുന്നു. അഹമ്മദാബാദിൽ നടന്ന ആവേശകരമായ ഫൈനലിന്റെ പതിനൊന്നാം ഓവറിലായിരുന്നു സംഭവം. പന്ത് ഫീൽഡ് ചെയ്ത ശേഷം അർഷ്ദീപ് അത് മിച്ചലിന്റെ പാഡിലേക്ക് എറിയുകയായിരുന്നു. ഇത് മൈതാനത്ത് ചെറിയ തോതിൽ തർക്കത്തിന് കാരണമായെങ്കിലും പിന്നീട് അർഷ്ദീപ് മിച്ചലിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ അർഷ്ദീപിന്റെ ഈ ആക്രമണോത്സുകതയെ പൂർണ്ണമായും പിന്തുണച്ചുകൊണ്ടാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തിയത്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോൾ, പ്രത്യേകിച്ച് ബൗണ്ടറികൾ വഴങ്ങിയതിന് ശേഷം ഇത്തരം ആവേശം കാണിക്കുന്നത് സ്വാഭാവികമാണെന്ന് ഗംഭീർ പറഞ്ഞു.
അർഷ്ദീപ് മാപ്പ് പറഞ്ഞില്ലെങ്കിലും തനിക്ക് അതിൽ പരാതിയില്ലെന്നും വിജയത്തിനായി ഇത്തരം കടുത്ത പ്രതികരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ കാര്യങ്ങളെ വലുതാക്കി കാണിക്കേണ്ടതില്ലെന്നും കളിക്കാരുടെ പോരാട്ടവീര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗംഭീർ വ്യക്തമാക്കി.