സമ്മര്‍ദ്ദമുണ്ടെങ്കിലും പാക്കിസ്ഥാന് സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികവ് പുലര്‍ത്താനാകുമെന്ന് പ്രതീക്ഷ – ഫവദ് അലം

- Advertisement -

ഇംഗ്ലണ്ടിന്റെ പടുകൂറ്റന്‍ സ്കോര്‍ ചേസ് ചെയ്യാനിറങ്ങി മൂന്ന് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് ഇനിയും മത്സരത്തില്‍ തിരിച്ചുവരവിന്റെ പ്രതീക്ഷയുണ്ടെന്നാണ് ഓള്‍റൗണ്ടര്‍ ഫവദ് അലം പറയുന്നത്. ഫോമിലുള്ള താരങ്ങളായ ആബിദ് അലിയും ബാബര്‍ അസമും പുറത്തായെങ്കിലും പാക്കിസ്ഥാന്റെ മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ല എന്നാണ് അലം പറയുന്നത്.

പാക്കിസ്ഥാന്റെ ബാറ്റിംഗ് ഓര്‍ഡറിന് വലിയ നീളമുണ്ടെന്നും അതിനാല്‍ തന്നെ ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അലം പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ താന്‍ പൂജ്യത്തിന് പുറത്തായെങ്കിലും ഈ മത്സരത്തില്‍ തനിക്ക് റണ്‍സ് കണ്ടെത്തി ടീമിനെ പിന്തുണയ്ക്കാനാകുമന്നാണ് അലം അഭിപ്രായപ്പെട്ടത്.

എത്ര തയ്യാറെടുപ്പുകള്‍ നടത്തിയാലും ചിലപ്പോള്‍ ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിന് പുറത്തായേക്കാം ചിലപ്പോള്‍ ശതകമോ അര്‍ദ്ധ ശതകമോ നേടിയേക്കാം. ക്രിക്കറ്റ് ഇത്തരത്തിലാണെന്നും തിരിച്ചടികളില്‍ നിന്ന് സ്വന്തം പ്രതിഭയെ വിശ്വസിച്ച് തിരിച്ചുവരവ് നടത്തുകയാണ് ഏറ്റവും പ്രധാനമെന്നും അലം വ്യക്തമാക്കി.

Advertisement