ഇന്ത്യയ്ക്കുള്ളത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി, ലോകകപ്പ് സമയത്ത് അനുഷ്കയ്ക്ക് ചായ കപ്പ് കൊടുക്കുകയായിരുന്നു ഇവരുടെ പ്രധാന ജോലിയെന്ന് ഫറുഖ് എഞ്ചിനിയര്‍

- Advertisement -

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരെ പരിഹസിച്ച് മുന്‍ താരം ഫറൂഖ് എഞ്ചിനിയര്‍. എംഎസ്കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണെന്ന് ഫറൂഖ് എഞ്ചിനിയര്‍ പരിഹസിച്ചു. 46 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയെ 1961 മുതല്‍ 76 വരെയുള്ള കാലഘട്ടത്തില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരം സെലക്ടര്‍മാരുടെ യോഗ്യതയെയും ചോദ്യം ചെയ്തു. അന്താരാഷ്ട്ര അനുഭവപരിചയം ഇല്ലാത്തവരാണ് ഇപ്പോളത്തെ സെലക്ടര്‍മാരെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സെലക്ടര്‍മാരെല്ലാവരും കൂടി 10-12 ടെസ്റ്റ് മത്സരങ്ങളെ കളിച്ചിട്ടുണ്ടാകുകയുള്ളുവെന്നും ലോകകപ്പ് സമയത്ത് താന്‍ കണ്ടത് വിരാട് കോഹ്‍ലിയുടെ ഭാര്യയായ അനുഷ്ക ശര്‍മ്മയ്ക്ക് ചായ കപ്പ് കൊടുക്കുന്നതാണെന്നും ഫറൂഖ് പറഞ്ഞു. ഇന്ത്യയുടെ ബ്ലേസറും ധരിച്ച് നിന്നിരുന്ന ഇവര്‍ ആരാണെന്ന് താന്‍ ചോദിച്ചപ്പോളാണ് ഇന്ത്യയുടെ സെലക്ടര്‍മാരാണ് ഈ ചായകപ്പ് വിതരണം ചെയ്യുവാന്‍ നടന്നിരുന്നതെന്ന് തനിക്ക് മനസ്സിലായതെന്നും ഫറുഖ് അഭിപ്രായപ്പെട്ടു.

ദിലീപ് വെംഗസര്‍ക്കാരിനെ പോലുള്ള മഹത്തായ താരങ്ങളാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാകേണ്ടതെന്നും ഫറൂഖ് എഞ്ചിനിയര്‍ പറഞ്ഞു. പൂനെയില്‍ ദിലീപ് വെംഗസര്‍ക്കാരിന്റെ ക്രിക്കറ്റ് അക്കാഡമി സന്ദര്‍ശിക്കാനെത്തിയപ്പോളാണ് ഫറൂഖ് എഞ്ചിനിയര്‍ ഈ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

Advertisement