ഇരട്ട ശതകം നേടാത്തതില്‍ വിഷമമില്ല, എന്നാല്‍ പരാജയമേറ്റു വാങ്ങേണ്ടി വന്നതിലുണ്ട് – ഫകര്‍ സമന്‍

Fakharzaman

ദക്ഷിണാഫ്രിക്ക നല്‍കിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ മത്സരം സ്വന്തമാക്കുമെന്നാണ് കരുതിയത്. ഫകര്‍ സമന്‍ തന്റെ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് തിളങ്ങിയപ്പോള്‍ പാക്കിസ്ഥാന് അവസാന ഓവര്‍ വരെ പ്രതീക്ഷയുണ്ടായിരുന്നു.

341 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 85/4 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ ഫകര്‍ സമന്‍ 155 പന്തില്‍ 193 റണ്‍സ് നേടി അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണൗട്ടായപ്പോള്‍ താരത്തിന് ഇരട്ട ശതകം 7 റണ്‍സ് അകലെയും പാക്കിസ്ഥാന് വിജയം 17 റണ്‍സ് അകലെയും നഷ്ടമായി.

Fakharzaman

18 ഫോറും 10 സിക്സുമാണ് ഫകര്‍ സമന്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. തനിക്ക് തന്റെ ഇരട്ട ശതകം നഷ്ടമായതിലും കൂടുതല്‍ വിഷമം ടീമിന് വിജയം നേടാനാകാതെ പോയതിലാണെന്ന് ഫകര്‍ സമന്‍ വ്യക്തമാക്കി. ആ സാഹചര്യത്തില്‍ താന്‍ ഇരട്ട ശതകത്തെക്കുറിച്ച് ചിന്തിച്ചില്ലെന്നും തന്റെ ശ്രദ്ധ വിജത്തില്‍ മാത്രമായിരുന്നുവെന്നും ഫകര്‍ വ്യക്തമാക്കി.

തനിക്ക് ടീമിനെ അവസാന കടമ്പ കടക്കുവാന്‍ സഹായിക്കാനാകാത്തതില്‍ വലിയ വിഷമം ഉണ്ടെന്നും പാക്കിസ്ഥാന്‍ താരം പറഞ്ഞു.