ഫിഞ്ചില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് ഉടന്‍ പ്രതീക്ഷിക്കാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഉടന്‍ തന്നെ ആരോണ്‍ ഫിഞ്ചില്‍ നിന്ന് താന്‍ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നുവെന്നും താരം വീണ്ടും ഫോമിലേക്ക് ഉയരുമെന്നും പ്രതീക്ഷ പുലര്‍ത്തി ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ താരം വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തുമെന്നും വലിയൊരു ഇന്നിംഗ്സ് ഈ പരമ്പരയില്‍ തന്നെ കാണികള്‍ സാക്ഷ്യം വഹിക്കുമെന്നാണ് ലാംഗര്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ 19 ഇന്നിംഗ്സുകളില്‍ നിന്ന് ഒറ്റത്തവണ പോലും ഫിഞ്ച് അര്‍ദ്ധ ശതകം നേടിയിട്ടില്ല എന്നിരിക്കെയാണ് ലാംഗറുടെ ഈ അഭിപ്രായം. താരം മികച്ച കളിക്കാരനാണെന്നും, മികച്ച വ്യക്തിത്വത്തിനു ഉടമയാണെന്നും ടീമിനു മുഴുവന്‍ ഫിഞ്ച് ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷയുണ്ടെന്നും ലാംഗര്‍ പറയുകയായിരുന്നു. മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അതു പോലെ ഒട്ടനവധി അപകടകാരിയായ താരങ്ങള്‍ ഓസ്ട്രേലിയന്‍ നിരയിലുണ്ട്. എന്നാല്‍ ഫിഞ്ച് ഫോമിലേക്ക് ഉയര്‍ന്നാല്‍ അത്രത്തോളം അപകടകാരിയായ ഒരു താരം ക്രിക്കറ്റില്‍ തന്നെയില്ലെന്ന് ലാംഗര്‍ അഭിപ്രായപ്പെട്ടു.

താരത്തിനു മതിയായ അവസരങ്ങളും താരത്തിന്മേല്‍ അത്രത്തോളം ക്ഷമയുമാണ് ഓസ്ട്രേലിയന്‍ ടീം ഇപ്പോള്‍ വെച്ച് പുലര്‍ത്തേണ്ടതെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ തീരുമാനങ്ങളെ തന്റെ ബാറ്റിംഗ് പരാജയങ്ങള്‍ ബാധിക്കാതെ നോക്കുന്നതില്‍ ഫിഞ്ച് മികവ് പുലര്‍ത്തുന്നുണ്ടെന്നും ലാംഗര്‍ പറഞ്ഞു.

താരത്തിന്റെ വ്യക്തിത്വത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും ഈ കാലയളവില്‍ ക്യാപ്റ്റനായപ്പോള്‍ വന്നിട്ടില്ല. അതിനാല്‍ തന്നെയാണ് ഫിഞ്ച് ഇന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു.