ഓസ്ട്രേലിയയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യ ചൂളിയെങ്കിലും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിനിനായിരുന്നു. ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 191 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നത് ടിം പെയിന്‍ ആയിരുന്നു. 75/5 എന്ന നിലയില്‍ നിന്നാണ് ടീമിന്റെ തിരിച്ചുവരവിന് പെയിന്‍ കളമൊരുക്കിയത്.
തന്റെ ബൗളര്‍മാര്‍ക്ക് വേഗത്തില്‍ വിക്കറ്റ് നേടുവാനാകുമെന്ന് താന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും ഇത്ര വേഗത്തില്‍ അത് സാധിക്കുമെന്ന് താന്‍ കരുതിയില്ലെന്നും ഇന്ത്യയില്‍ നിന്ന് കടുത്ത പ്രതിരോധം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ടിം പെയിന്‍ വ്യക്തമാക്കി.
വിജയത്തിന്റെ പൂര്‍ണ്ണമായ ക്രെഡിറ്റും ബൗളിംഗ് നിരയ്ക്കാണെന്നും വിജയത്തോടെ പരമ്പര തുടങ്ങുവാനായതില്‍ സന്തോഷമുണ്ടെന്നും ടിം പെയിന്‍ വ്യക്തമാക്കി.