അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് ആതിഥേയര്‍, എവിന്‍ ലൂയിസിന് ശതകം

Lewishaihope

ശ്രീലങ്കയുടെ 273/8 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം. 2 പന്ത് അവശേഷിക്കെയാണ് വെസ്റ്റിന്‍ഡീസ് വിജയം കരസ്ഥമാക്കിയത്. അവസാന ഓവറില്‍ വിജയിക്കുവാന്‍ 9 റണ്‍സ് നേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിന് വേണ്ടി ആദ്യ മൂന്ന് പന്തുകളില്‍ രണ്ട് ബൗണ്ടറി നേടി നിക്കോളസ് പൂരന്‍ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ വെസ്റ്റിന്‍ഡീസ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ഷായി ഹോപ്പും നല്‍കിയ മികച്ച തുടക്കമാണ് ടീമിന്റെ വിജയത്തിന്റെ അടിത്തറ. ഓപ്പണിംഗ് കൂട്ടുകെട്ട് 192 റണ്‍സാണ് നേടിയത്. 103 റണ്‍സ് നേടിയ ലൂയിസിനെയും 84 റണ്‍സ് നേടിയ ഷായി ഹോപിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലാതെ ആയി.

ഡാരെന്‍ ബ്രാവോ(10), കീറണ്‍ പൊള്ളാര്‍ഡ്(15), ഫാബിയന്‍ അല്ലെന്‍(15) എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചുവെങ്കിലും അവസാന ഓവറില്‍ നിക്കോളസ് പൂരന്‍ ബൗണ്ടറികളുമായി മത്സരം ആതിഥേയര്‍ക്ക് സ്വന്തമാക്കുവാന്‍ സഹായിച്ചു. ശ്രീലങ്കന്‍ ബൗളര്‍മാരില്‍ നുവാന്‍ പ്രദീപും തിസാര പെരേരയും രണ്ട് വീതം വിക്കറ്റ് നേടി.