ഇംഗ്ലണ്ടിന് മികച്ച സ്കോർ, ദക്ഷിണാഫ്രിക്കക്ക് വമ്പൻ തകർച്ച

Photo: Twitter/@englandcricket

നിർണ്ണായകമായ നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് വമ്പൻ തകർച്ച. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടിയ ഇംഗ്ലണ്ട് 88 റൺസ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ 6 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിന് 312 റൺസിന്റെ ലീഡ് ഉണ്ട്. പരമ്പര സമനിലയിലാക്കാൻ വിജയം അനിവാര്യമായ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് ഇന്നത്തെ പ്രകടനം.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 400 റൺസിന് ഓൾ ഔട്ട് ആയിരുന്നു. വാലറ്റം നടത്തിയ മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ട് സ്കോർ 400ൽ എത്തിച്ചത്. 8 ആം വിക്കറ്റിൽ വോക്‌സും ബട്ലറും ചേർന്ന് 40 റൺസും പത്താം വിക്കറ്റിൽ സ്റ്റുവർട്ട് ബ്രോഡും മാർക്ക് വുഡും ചേർന്ന് 82 റൺസുമാണ് കൂട്ടിച്ചേർത്തത്. വെറും 52 പന്തിൽ നിന്നാണ് ഇംഗ്ലണ്ട് അവസാന വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തത്.

ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് 39 പന്തിൽ 35 റൺസും സ്റ്റുവർട്ട് ബ്രോഡ് 28 പന്തിൽ നിന്ന് 43 റൺസുമാണ് എടുത്തത്.  ഒലെ പോപ്പ് 56 റൺസും വാലറ്റത് ക്രിസ് വോക്‌സ് 32 റൺസുമെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ആൻറിച്ച് നോർജെ 5 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ബൗളിങ്ങിന് മുൻപിൽ തകരുകയായിരുന്നു. 32 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുന്ന ഡി കോക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ചെറുത്തുനിന്നത്. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് മൂന്ന് വിക്കറ്റ് നേടി ഇന്നത്തെ ദിവസം അവിസ്മരണീയമാക്കി.