വെസ്റ്റിന്‍ഡീസില്‍ എത്തുമ്പോള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനൊരുങ്ങി ഇംഗ്ലണ്ട്

- Advertisement -

2022 ജനുവരി മാര്‍ച്ചില്‍ വിന്‍ഡീസ് ടൂറിനെത്തുന്ന ഇംഗ്ലണ്ട് ടീം ഇപ്പോളത്തെ ഷെഡ്യൂളിലും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് ടി20കളിലും രണ്ട് ടെസ്റ്റിലുമായിരുന്നു ടീമുകള്‍ ഏറ്റുമുട്ടാനിരുന്നത്.

അത് അഞ്ച് ടി20കളായും മൂന്ന് ടെസ്റ്റുകളായും ഉയര്‍ത്തുവാനാണ് ഇരു ബോര്‍ഡുകളും തീരുമാനിച്ചത്. ഏപ്രില്‍ മാസത്തില്‍ ഈ പരമ്പരയുടെ വേദികള്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ടെസ്റ്റ് പരമ്പരയെ റിച്ചാര്‍ഡ്സ് – ബോത്തം ട്രോഫിയെന്നായിരിക്കും വിളിക്കുക. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റെയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തതിന്റെയും പേരിലാണ് പരമ്പരയെ നാമകരണം ചെയ്തിരിക്കുന്നത്.

2022ല്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് ടി20 പരമ്പരയില്‍ രണ്ട് അധിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement