രഹാനെയെ ക്യാപ്റ്റനാക്കുവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍

ശ്രേയസ്സ് അയ്യറിന് ഐപിഎല്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ക്യാപ്റ്റന്‍സിയില്‍ പുതിയ വെല്ലുവിളി. ക്യാപ്റ്റനും മുന്‍ നിര ബാറ്റ്സ്മാനുമായ ശ്രേയസ്സ് അയ്യരുടെ അഭാവത്തില്‍ ടീം ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ നിയമിച്ചേക്കുമെന്നാണ് ക്ലബ്ബിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന.

ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പേരാണ് ഉയര്‍ന്ന് വരുന്ന മറ്റൊരു നാമം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ അജിങ്ക്യ രഹാനെയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല.

രാജസ്ഥാന്‍ കഴിഞ്ഞ സീസണിന് മുമ്പ് അജിങ്ക്യ രഹാനെയെയും സീസണ്‍ കഴിഞ്ഞ ശേഷം സ്റ്റീവ് സ്മിത്തിനെയും റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അജിങ്ക്യ രഹാനെയ്ക്ക് ഡല്‍ഹി നിരയില്‍ ഏതാനും മത്സരങ്ങള്‍ കളിക്കുവാനുള്ള അവസരമേ ലഭിച്ചുള്ളു. സ്മിത്തിനെ ഈ ഐപിഎല്‍ ലേലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ചതും ഇന്ത്യന്‍ താരമെന്ന പരിഗണനയും രഹാനെയ്ക്ക് തുണയാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ടീമിന്റെ ഇപ്പോളത്തെ ഉപ നായകന്‍ ഋഷഭ് പന്ത് ആണെങ്കിലും താരത്തിന് ക്യാപ്റ്റന്‍സി ദൗത്യം ടീം മാനേജ്മെന്റ് നല്‍കുമോ എന്നത് കാത്തിരുന്നു കാണേണ്ട ഒന്നാണ്. രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ടീമിലെ മറ്റു സീനിയര്‍ താരങ്ങള്‍.

വരും ദിവസങ്ങള്‍ ഡല്‍ഹി ക്യാമ്പിനെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങളുടെ ദിവസങ്ങളാണ്.