അനായാസമെന്ന് തോന്നിപ്പിച്ച വിജയം കൈവിട്ട് ഓസ്ട്രേലിയ, ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയ അനായാസ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തി വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട്. ഇന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ ആതിഥേയര്‍ 2 റണ്‍സിന്റെ വിജയമാണ് നേടിയത്. 163 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 124/1 എന്ന നിലയില്‍ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു. പിന്നീട് മധ്യനിര തകര്‍ന്നപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സേ നേടാനായുള്ളു.

ഓപ്പണിംഗ് കൂട്ടുകെട്ട് 98 റണ്‍സ് നേടി മുന്നേറുന്നതിനിടെ 46 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചറാണ് ഓസ്ട്രേലിയയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. 32 പന്തില്‍ നിന്നാണ് ഫിഞ്ച് തന്റെ 46 റണ്‍സ് നേടിയത്.

അധികം വൈകാതെ തന്റെ അര്‍ദ്ധ ശതകം വാര്‍ണര്‍ തികച്ചുവെങ്കിലും പൊടുന്നനെ വിക്കറ്റുകള്‍ വീണതോടെ ഓസ്ട്രേലിയ പരുങ്ങലിലായി. 124/1 എന്ന നിലയില്‍ നിന്ന് 129/4 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അനായാസ ലക്ഷ്യത്തിലേക്ക് ടീം എത്തുമെന്ന് കരുതിയ സാഹചര്യത്തില്‍ നിന്ന് ലക്ഷ്യം ശ്രമകരമാക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.

സ്മിത്ത് 18 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ ഒരു റണ്‍സ് നേടി പുറത്താകുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയതോടെ മത്സരത്തില്‍ ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷയായി. 58 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

അലെക്സ് കാറെയെ മാര്‍ക്ക് വുഡ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായി. അവസാന മൂന്നോവറില്‍ 26 റണ്‍സെന്ന നിലയിലേക്ക് മത്സരം ആവേശകരമായി മാറുകയായിരുന്നു. ടോം കറന്‍ എറിഞ്ഞ 18ാം ഓവറില്‍ കൂറ്റനടിയൊന്നും പിറക്കാതെ പോയപ്പോള്‍ 7 റണ്‍സ് മാത്രമാണ് ഓസ്ടേരിലയ നേടിയത്. ഇതോടെ ലക്ഷ്യം 12 പന്തില്‍ 19 റണ്‍സായി.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ 19ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ അവസാന പന്തില്‍ ആഷ്ടണ്‍ അഗര്‍ റണ്ണൗട്ട് കൂടിയായപ്പോള്‍ ഓസ്ട്രേലിയ തോല്‍വിയെ ഭയപ്പെട്ട് തുടങ്ങിയിരുന്നു. നാല് വിക്കറ്റ് കൈവശമുള്ള ടീം നേടേണ്ടിയിരുന്നത് 6 പന്തില്‍ നിന്ന് 15 റണ്‍സ്.

അവസാന ഓവര്‍ എറിയേണ്ട ദൗത്യം വന്ന് വീണത് ടോം കറനില്‍. ആദ്യ പന്ത് സ്റ്റോയിനിസിനെ ബീറ്റണാക്കിയെങ്കിലും രണ്ടാം പന്തില്‍ സിക്സര്‍ പറത്തി സ്റ്റോയിനിസ് വീണ്ടും മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിച്ചു. അടുത്ത രണ്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സ് കൂടി സ്റ്റോയിനിസ് നേടിയപ്പോള്‍ ലക്ഷ്യം 2 പന്തില്‍ 7 റണ്‍സായി മാറി. അഞ്ചാം പന്തില്‍ ഒരു ഡബിള്‍ കൂടി നേടിയ സ്റ്റോയിനിസ് അവസാന പന്തില്‍ ലക്ഷ്യം അഞ്ച് റണ്‍സാക്കി മാറ്റി.

23 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും മാര്‍ക്കസ് സ്റ്റോയിനിസ് ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നത് അസാധ്യമായി മാറുകയായിരുന്നു. താരം അവസാന ഓവറുകളില്‍ പലപ്പോഴും പന്ത് മിസ്സ് ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിയപ്പോള്‍ ഇംഗ്ലണ്ട് ബൗളര്‍മാരുടെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് മത്സരത്തില്‍ കണ്ടത്.