ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 248 റൺസിന് പുറത്ത്. ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വേഗത്തിൽ സ്കോർ ഉയർത്തുകയായിരുന്നു. നിലവിൽ രണ്ട് ദിവസത്തിൽ കൂടുതൽ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 465 റൺസ് വേണം. ആദ്യ ഇന്നിങ്സിൽ 183 റൺസിന് പുറത്തായ ദക്ഷിണാഫ്രിക്കക്ക് അത്ഭുതങ്ങൾ നടന്നാൽ മാത്രമേ മത്സരത്തിൽ തോൽവി ഒഴിവാക്കാനാവു.
ഇംഗ്ളണ്ടിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ 58 റൺസ് എടുത്ത ജോ റൂട്ടും 44 റൺസ് എടുത്ത സിബിലിയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ബെൻ സ്റ്റോക്സിന്റെയും സാം കുരന്റെയും മാർക്ക് വുഡിന്റെയും വെടികെട്ടുകൂടി ചേർന്നതോടെ ഇംഗ്ലണ്ട് വേഗത്തിൽ 248 റൺസ് സ്വന്തമാക്കുകയായിരുന്നു. ബെൻ സ്റ്റോക്സ് 24 പന്തിൽ 28 റൺസും കുരൻ 29 പന്തിൽ 35 റൺസും മാർക്ക് വുഡ് 12 പന്തിൽ 18 റൺസുമെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബ്യൂറൻ ഹെൻഡ്രിക്സ് തന്റെ അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തി.