കത്തിക്കയറി ജേസണ്‍ റോയ്, പക്ഷേ ഒരു റണ്‍സ് ജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈസ്റ്റ് ലണ്ടനിലെ ബഫലോ പാര്‍ക്കില്‍ ഇന്ന് നടന്ന ആദ്യ ടി20യില്‍ വിജയം കൈവിട്ട് ഇംഗ്ലണ്ട്. മത്സരം അവസാന ഓവറിലേക്ക് കടക്കുമ്പോള്‍ ഏഴ് റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഓവറില്‍ മൂന്ന് വിക്കറ്റാണ് നഷ്ടമായത്, നേടാനായത് 5 റണ്‍സും. 20 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 176 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അവസാന ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ ലുംഗിസാനി ഗിഡി മൂന്ന് വിക്കറ്റും ബ്യൂറന്‍ ഹെന്‍ഡ്രിക്സ് 2 വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി നേടി. ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു. ഒരു ഘട്ടത്തില്‍ 132/2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ടിന് അവസാന ആറോവറില്‍ 7 വിക്കറ്റാണ് 44 റണ്‍സ് നേടുന്നതിനിടെ നഷ്ടമായത്.

ജേസണ്‍ റോയിയുടെ മിന്നും പ്രകടനമാണ് വിഫലമാകുന്ന കാഴ്ചയാണ് ഇന്ന് ആദ്യ ടി20യില്‍ കണ്ടത്. 38 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും അടക്കം 70 റണ്‍സ് നേടിയ റോയ് 14.2 ഓവറില്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് 132 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 34 പന്തില്‍ നിന്ന് 52 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കുമെന്ന പ്രതീതി നല്‍കിയെങ്കിലും 19ാം ഓവറിന്റെ അവസാന പന്തില്‍ ബ്യൂറന്‍ ഹെന്‍റിക്സ് താരത്തെ പുറത്താക്കുകയായിരുന്നു.


നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സ് നേടിയത്. 27 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ ടെംബ ബാവുമയും 15 പന്തില്‍ 31 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും മിന്നും തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയതെങ്കിലും പിന്നീട് വന്നവരില്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും(31) കൂടി മാത്രമാണ് തിളങ്ങിയത്. ബാക്കി താരങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്‍ സ്കോര്‍ ചെയ്യാനാകാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്ക 177 റണ്‍സില്‍ ഒതുങ്ങി. റാസ്സി 10.5 ഓവറില്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 111 റണ്‍സാണ് നേടിയിരുന്നത്. അടുത്ത ഓവറില്‍ തന്നെ ബാവുമയെയും നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദന്‍ രണ്ട് വിക്കറ്റ് നേടി. ഡെത്ത് ഓവറുകളില്‍ താരം മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മോയിന്‍ അലി, ടോം കറന്‍, മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ് എന്നിവരെല്ലാം തന്നെ ഇംഗ്ലണ്ടിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Advertisement