ഗ്രനേഡയില്‍ ബാറ്റിംഗ് വിസ്ഫോടനം, ഇംഗ്ലണ്ട് നേടിയത് 418 റണ്‍സ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് ശതകത്തിനൊപ്പം ഓയിന്‍ മോര്‍ഗനും ശതകം നേടിയ മത്സരത്തില്‍ റണ്‍ മല തീര്‍ത്ത് ഇംഗ്ലണ്ട്. വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 418/6 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. ജോണി ബൈര്‍സ്റ്റോയും അലക്സ് ഹെയില്‍സും നല്‍കിയ തുടക്കത്തിനു ശേഷം ജോ റൂട്ട് വേഗത്തില്‍ പുറത്തായെങ്കിലും ജോസ് ബട്‍ലറും ഓയിന്‍ മോര്‍ഗനും മത്സരഗതിയെ വിന്‍ഡീസില്‍ നിന്ന് തട്ടിയെടുക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

നാലാം വിക്കറ്റില്‍ 204 റണ്‍സാണ് മോര്‍ഗന്‍-ബട്‍ലര്‍ കൂട്ടുകെട്ട് നേടിയത്. 88 പന്തില്‍ 8 ഫോറും 6 സിക്സും സഹിതം 103 റണ്‍സ് നേടി മോര്‍ഗന്‍ പുറത്തായപ്പോള്‍ ജോസ് ബട്‍ലര്‍ 77 പന്തില്‍ നിന്ന് 150 റണ്‍സാണ് നേടിയത്. 13 ഫോറും 12 സിക്സുമാണ് ബട്‍ലറുടെ സംഭാവന. ഒന്നാം വിക്കറ്റില്‍ നേരത്തെ ഇംഗ്ലണ്ടിനായി ബാരിസ്റ്റോ(56)-അലക്സ് ഹെയില്‍സ്(82) കൂട്ടുകെട്ട് നൂറ് റണ്‍സ് കൂട്ടി ചേര്‍ത്ത് മികച്ച തുടക്കമാണ് നല്‍കിയത്.

വിന്‍ഡീസ് നിരയില്‍ ഒഷെയ്ന്‍ തോമസും കാര്‍ലോസ് ബ്രാത്‍വൈറ്റും രണ്ട് വീതം വിക്കറ്റ് നേടി.