അവസാന ഓവറിൽ എറിഞ്ഞ് പിടിക്കേണ്ടത് 30 റൺസ്, കരീബിയന്‍ വെല്ലുവിളി അതിജീവിച്ച് ഒരു റൺസ് വിജയവുമായി ഇംഗ്ലണ്ട്

Engwestindies

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 1 റൺസിന്റെ വിജയം നേടി ഇംഗ്ലണ്ട്. ആദ്യ മത്സരത്തിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ 171/8 എന്ന ഭേദപ്പെട്ട സ്കോറാണ് നേടിയത്. ജേസൺ റോയ്(45), മോയിന്‍ അലി(31), ക്രിസ് ജോര്‍ദ്ദന്‍(27), ടോം ബാന്റൺ(25) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. വെസ്റ്റിന്‍ഡീസിനായി ജേസൺ ഹോള്‍ഡറും ഫാബിയന്‍ അല്ലനും 2 വീതം വിക്കറ്റ് നേടി.

റൊമാരിയോ ഷെപ്പേര്‍ഡിന്റെയും അകീൽ ഹൊസൈന്റെയും മിന്നും ബാറ്റിംഗ് പ്രകടനം വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിൽ 30 റൺസായിരുന്നു വിജയത്തിനായി വിന്‍ഡീസ് നേടേണ്ടിയിരുന്നത്. ഓവറിൽ അകീൽ ഹൊസൈന്‍ 2 ഫോറും 3 സിക്സും നേടിയെങ്കിലും 28 റൺസ് മാത്രം പിറന്നപ്പോള്‍ ഇംഗ്ലണ്ട് ഒരു റൺസ് വിജയവുമായി തടിതപ്പി. സാഖിബ് മഹമ്മൂദ് ആയിരുന്നു അവസാന ഓവര്‍ എറിഞ്ഞത്.

അകീൽ ഹൊസൈന്‍ 16 പന്തിൽ 44 റൺസ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 28 പന്തിൽ 44 റൺസ് നേടി. 9ാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 72 റൺസ് കൂട്ടുകെട്ടാണ് 29 പന്തിൽ നേടിയത്. 98/8 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ടീമിനെ വിജയത്തിന്റെ തൊട്ടടുത്ത് വരെ എത്തിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചുവെങ്കിലും അന്തിമ കടമ്പ കടക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല.

മോയിന്‍ അലി മൂന്നും ആദിൽ റഷീദ് രണ്ടും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന് മത്സരത്തിന്റെ തുടക്കത്തിൽ മേൽക്കൈ നേടിക്കൊടുത്തത്.

Previous articleഡി യോങ്ങ് അവസാനം രക്ഷകൻ, മൂന്ന് മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണക്ക് ഒരു വിജയം
Next articleഹൈദരബാദ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ, ജയിച്ചാൽ ഒന്നാമത്