ആഷസ് ടെസ്റ്റ്: തിരിച്ചടിച്ച് ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്സിൽ ശക്തമായ നിലയിൽ

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ 58 റൺസിന് പിറകിലാണ് ഇംഗ്ലണ്ട്. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ 86 റൺസുമായി ജോ റൂട്ടും 80 റൺസുമായി ഡേവിഡ് മലനുമാണ് ക്രീസിൽ ഉള്ളത്.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇതുവരെ 159 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.മൂന്നാം ദിവസം ഇംഗ്ലണ്ടിന് ഓപ്പണർമാരായ ഹസീബ് ഹമീദിന്റെയും റോറി ബാൺസിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. 27 റൺസ് എടുത്ത ഹസീബ് ഹമീദിനെ സ്റ്റാർക്ക് പുറത്താക്കിയപ്പോൾ 13 റൺസ് എടുത്ത റോറി ബാൺസിന്റെ വിക്കറ്റ് കമ്മിൻസ് ആണ് സ്വന്തമാക്കിയത്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 425 റൺസിൽ അവസാനിച്ചിരുന്നു. 152 റൺസ് എടുത്ത ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്.