ബെന്‍ ഫോക്സ് ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡില്‍

പരിക്കേറ്റ ജോണി ബൈര്‍സ്റ്റോയ്ക്ക് കരുതലെന്ന നിലയില്‍ ബെന്‍ ഫോക്സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് വിളിച്ചു. ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലേക്കാണ് സറേയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ബൈര്‍സ്റ്റോ ഇംഗ്ലണ്ടിന്റെ പരിശീലനത്തിനിടെ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. നാലാം ഏകദിനത്തിനു മുമ്പാണ് സംഭവം. പരിക്കിനെത്തുടര്‍ന്ന് ടി20യിലും ജോണി ബൈര്‍സ്റ്റോ പങ്കെടുക്കുകയില്ല.

ഇതിനു മുമ്പു ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയ ന്യൂസിലാണ്ട് പരമ്പരകളില്‍ ബൈര്‍സ്റ്റോയ്ക്ക് കരുതലെന്ന നിലയില്‍ ഫോക്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും മത്സരത്തിനു അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ കീപ്പര്‍ ജോണി ബൈര്‍സ്റ്റോയ്ക്ക് പരിക്കേറ്റപ്പോള്‍ ജോസ് ബട്‍ലര്‍ ആണ് കീപ്പിംഗ് ദൗത്യം ഏറ്റെടുത്തിരുന്നത്.