ക്യാപ്റ്റനായി തുടരുവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം മോശം പ്രകടനങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ടീമിൽ അടിമുടി മാറ്റം വേണമെന്നാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ആവശ്യപ്പെടുന്നത്. എന്നാൽ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരുവാന്‍ ആഗ്രഹം ഉണ്ടെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കിയത്.

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പര പരാജയപ്പെട്ടതോടെ അവസാന 17 ടെസ്റ്റിൽ ഇംഗ്ലണ്ട് 1 വിജയം മാത്രമാണ് നേടിയത്. 11 മത്സരങ്ങളിൽ ടീം പരാജയപ്പെടുകയും ചെയ്തു. തനിക്ക് ക്യാപ്റ്റനായി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ടീമിനെ മുന്നോട്ട് നയിക്കുവാന്‍ താന്‍ ഉറ്റുനോക്കുന്നു എന്നാണ് ജോ റൂട്ട് അഭിപ്രായപ്പെട്ടത്.

തന്റെ ആഗ്രഹം ഇതാണെങ്കിലും തന്റെ ഭാവി തന്റെ കൈയ്യിൽ അല്ലെന്ന് തനിക്ക് വ്യക്തമായിട്ട് അറിയാമെന്നും തന്റെ ടീമംഗങ്ങള്‍ തനിക്കൊപ്പം ഈ കാര്യത്തിലുണ്ടെന്നു ജോ റൂട്ട് പറഞ്ഞു.