ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ പതറിയ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്. 167/8 എന്ന നിലയിലേക്ക് വീണ വെസ്റ്റ് സോണിനെ 83 റൺസിന്റെ അപരാജിത എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ആദ്യ ദിവസം 250/8 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ ഹെത് പട്ടേൽ – ജയ്ദേവ് ഉനഡ്കട് കൂട്ടുകെട്ടിന് സാധിക്കുകയായിരുന്നു.

16/3 എന്ന നിലയിലേക്ക് ചീപ്പുരപ്പള്ളി സ്റ്റീഫനും ബേസിൽ തമ്പിയും വെസ്റ്റ് സോണിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ നാലാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 48 റൺസുമായി ചെറുത്ത്നില്പ് സൃഷ്ടിക്കുകയായിരുന്നു.

എന്നാൽ 37 റൺസ് നേടിയ ശ്രേയസ്സ് അയ്യരെയും 34 റൺസ് നേടിയ സര്‍ഫ്രാസ് ഖാനെയും വീഴ്ത്തിയ സായി കിഷോര്‍ ഷംസ് മുലാനിയെക്കൂടി വീഴ്ത്തിയതോടെ വെസ്റ്റ് സോൺ 101/6 എന്ന നിലയിലേക്ക് വീണു.

ഹെത് പട്ടേലും അതിത് സേഥും(25) ഏഴാം വിക്കറ്റിൽ 63 റൺസ് നേടിയെങ്കിലും ബേസിൽ തമ്പി സേഥിനെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീടാണ് 9ാം വിക്കറ്റിൽ പട്ടേലും ഉനഡ്കടും വെസ്റ്റ് സോണിനെ തിരികെ ട്രാക്കിലെത്തിച്ചത്.

ഹെത് പട്ടേൽ 96 റൺസ് നേടിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് 39 റൺസ് നേടിയാണ് ക്രീസിൽ നിൽക്കുന്നത്. സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബേസിൽ തമ്പിയും ചീപ്പുരപ്പള്ളി സ്റ്റീഫനും രണ്ട് വീതം വിക്കറ്റാണ് നേടിയത്.