താനായിരുന്നു സെലക്ടറെങ്കില്‍ അശ്വിനെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിരികെ കൊണ്ടു വരും -ദിലീപ് വെംഗസര്‍ക്കാര്‍

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള രവിചന്ദ്രന്‍ അശ്വിന്റെ ടെസ്റ്റിലെ പ്രകടനത്തിന്റെ ബലത്തില്‍ താരത്തിനെ ഏകദിന – ടി20 ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുണ്ടായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗസര്‍ക്കാരും അതേ ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്.

താനായിരുന്നു ബിസിസിഐ സെലക്ടറെങ്കില്‍ രവിചന്ദ്രന്‍ അശ്വിനെ വൈറ്റ് ബോള്‍ ടീമിലേക്ക് തിരികെ കൊണ്ടു വരുമായിരുന്നുവെന്നാണ് ദിലീപ് അഭിപ്രായപ്പെട്ടത്. പരിചയസമ്പത്ത് മാത്രമല്ല, വൈവിധ്യങ്ങളും അശ്വിനെ വ്യത്യസ്തനാക്കുന്നുവെന്ന് ദിലീപ് വെംഗസര്‍ക്കാര്‍ പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ മിന്നും ഫോമിലുള്ള താരത്തെ വൈറ്റ് ബോള്‍ ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് ടീമിന് തന്നെ ഗുണകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യ ഇപ്പോള്‍ പ്രധാന സ്പിന്നറായി കളിപ്പിക്കുന്നതെന്നും ഇരുവരെയും ഒരിക്കലും താരതമ്യം ചെയ്യുവാനാകില്ലെന്നും വെംഗസര്‍ക്കാര്‍ വ്യക്തമാക്കി.

വിക്കറ്റ് നേടുകയെന്ന ദൗത്യത്തിന് ഏറ്റവും അനുയോജ്യ താരമാണ് അശ്വിനെന്നും താരം മികച്ചൊരു അറ്റാക്കിംഗ് ഓപ്ഷനാണെന്നും വൈവിധ്യം നിറഞ്ഞ ബൗളിംഗ് താരത്തെ കൂടുതല്‍ അപകടകാരിയാക്കുന്നുവെന്നും മധ്യ ഓവറുകള്‍ എറിയുവാന്‍ ഏറ്റവും അനുയോജ്യമായ താരം അശ്വിനാണെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.