വൈറ്റ് വാഷ് ചെയ്യപ്പെട്ടുവെങ്കിലും ശ്രീലങ്കന്‍ കോച്ച് പറയുന്നത് ടീമുകള്‍ തമ്മിലുള്ള അന്തരം ചെറുതെന്ന്

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട് 3-0നു പരമ്പര വിജയിച്ചുവെങ്കിലും ശ്രീലങ്കന്‍ മുഖ്യ പരിശീലകന്‍ ചന്ദിക ഹതുരുസിംഗ പറയുന്നത് ഇരു ടീമുകളും തമ്മിലുള്ള അന്തരം വളരെ ചെറുതാണെന്നാണ്. ഈ പരമ്പര ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടയൊന്നാണെന്നാണ് ശ്രീലങ്കന്‍ കോച്ച് പറഞ്ഞത്. ഇംഗ്ലണ്ട് സമ്മര്‍ദ്ദങ്ങള്‍ ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് പറഞ്ഞ ഹതുരുസിംഗ ബെന്‍ സ്റ്റോക്സ് ആണ് അവസാന രണ്ട് മത്സരങ്ങളിലെയും വ്യത്യാസമെന്നും പറഞ്ഞു.

ശ്രീലങ്കയുടെ ഫീല്‍ഡിംഗാണ് ടീമിനെ പിന്നോട്ടടിച്ചതെന്ന് പറഞ്ഞ കോച്ച് അവസാന രണ്ട് മത്സരങ്ങളിലും ചെറിയ മാര്‍ജിനിലാണ് പരാജയമെന്നത് ചൂണ്ടി കാണിച്ചു. ആദ്യ മത്സരത്തില്‍ 211 റണ്‍സിനു പരാജയപ്പെട്ട ശ്രീലങ്കയുടെ തുടര്‍ പരാജയങ്ങള്‍ 57, 42 റണ്‍സുകള്‍ക്കായിരുന്നു. സീനിയര്‍ താരം രംഗന ഹെരാത്ത് ഇല്ലാതെ അവസാന രണ്ട് മത്സരങ്ങളിലും ഇറങ്ങിയ ശ്രീലങ്ക ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെന്നാണ് കോച്ചിന്റെ ഭാഷ്യം.