മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ധോണി തന്നെയാണെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം താൻ മഹേന്ദ്ര സിങ് ധോണിയുമായി സംസാരിച്ചിട്ടില്ലെന്നും താരം ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ധോണി കളിക്കാൻ തുടങ്ങണം എന്നും ശാസ്ത്രി പറഞ്ഞു. ധോണി ഇതുവരെ ലോകകപ്പിന് ശേഷം കളിച്ചിട്ടില്ലെന്നും ടീമിലേക്ക് തിരിച്ച് വരൻ ധോണി ഉദ്ദേശിക്കുന്നുണ്ടെകിൽ അത് സെലക്ടാർമാരെ ധോണി അറിയിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്ന് സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ പരമ്പരയിൽ നിന്നും ധോണി സ്വയം മാറി നിൽക്കുകയായിരുന്നു. അടുത്ത നവംബറിന് ശേഷം മാത്രമേ ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുള്ളൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഡിസംബറിൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ധോണി ഇടം കണ്ടെത്തുമെന്നാണ് കരുതപ്പെടുന്നത്. ധോണിയുടെ പകരക്കാരനായി യുവതാരം റിഷഭ് പന്താണ് ഏകദിന മത്സരങ്ങളിലും ടി20യിലും ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ. അതെ സമയം ടെസ്റ്റ് ക്രിക്കറ്റിൽ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിൽ റിഷഭ് പന്തിന് പകരമായി വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ ആയത്.