മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ട്ടാവായി നിയമിക്കാനുള്ള കാരണം വ്യക്തമാക്കി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ധോണിയുടെ സാന്നിദ്ധ്യം ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഇന്ത്യയുടെ കൂടെയും ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെയും ടി20 ഫോർമാറ്റിൽ മികച്ച പ്രകടനമാണ് ധോണി പുറത്തെടുത്തതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
ഒരുപാട് കൂടിയാലോചനകൾക്ക് ശേഷമാണ് ധോണിയെ ടീമിന്റെ ഉപദേഷ്ട്ടാവായി നിയമിച്ചതെന്നും 2013ന് ശേഷം ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടിയിട്ടില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ ടീം സ്റ്റീവ് വോയെ ഉപദേശകനായി നിയമിച്ച കാര്യവും ഗാംഗുലി ഓർമിപ്പിച്ചു. 2013ൽ ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐ.സി.സി. കിരീടം നേടിയത്.