മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസ് പരമ്പരയിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലും ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ട് നിന്നിരുന്നു. സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നത്.
നേരത്തെ രണ്ട് മാസമാണ് ലോകകപ്പിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയിരുന്നത്. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം അടുത്ത നവംബർ വരെ ധോണി ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല. ഡിസംബറിൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പരയിൽ മാത്രമാവും ധോണി ഇന്ത്യൻ ടീമിൽ തിരികെയെത്തുക. ധോണിയുടെ അഭാവത്തിൽ യുവതാരം റിഷഭ് പന്തിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പിങ് ചുമതല. എന്നാൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ പല കോണുകളിൽ നിന്നും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം ക്രിക്കറ്റിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സോഷ്യൽ മീഡിയയിൽ ധോണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ ധോണി വിരമിക്കുകയായണെന്ന ഊഹാപോഹങ്ങൾ വന്നിരുന്നു. എന്നാൽ വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തി അത് തെറ്റാണെന്ന് വിശദീകരിച്ചിരുന്നു.