ഇവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫിനിഷര്‍മാര്‍ – ധോണി, യുവരാജ്, കോഹ്‍ലി എന്നിവരുടെ പേര് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൗള്‍

Sports Correspondent

ക്രിക്കറ്റിലെ തന്റെ അഭിപ്രായത്തില്‍ എംഎസ് ധോണി, യുവരാജ് സിംഗ്, വിരാട് കോഹ്‍ലി എന്നിവരാണ് ഏറ്റവും മികച്ച ഫിനിഷര്‍മാരെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് കൗള്‍. ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ഇവരാണ് ഏറ്റവും യോജ്യരായ താരങ്ങളെന്ന് ട്വിറ്ററില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുക്കുമ്പോള്‍ താരംപറഞ്ഞു.

ഐപിഎലില്‍ സണ്‍റൈസേ്സ് ഹൈദ്രാബാദിന് വേണ്ടി കളിക്കുന്ന താരം ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് മറ്റു താരങ്ങളെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിക്കുന്നുണ്ട്. അതിനിടിയിലെ ഒരു ചോദ്യത്തിനാണ് താരം ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടിയുള്ള പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്. 45 മത്സരങ്ങളില്‍ നിന്ന് ഐപിഎലില്‍ 49 വിക്കറ്റാണ് താരം നേടിയത്. ഇതില്‍ തന്നെ 2018ല്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനും ആവാന്‍ താരത്തിനായി. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചുവെങ്കിലും ഐപിഎലിലെ പ്രകടനം ആവര്‍ത്തിക്കുവാന്‍ താരത്തിനായില്ല.