ധീരം ധനന്‍ജയ, തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സിൽവയുടെ 91 റൺസ്

Dhananjayadesilva

ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സില്‍വ.  സാം കറന്‍ ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിന്റെ കഥ കഴിച്ചപ്പോള്‍ 21/4 എന്ന നിലയിലേക്ക് വീണ ടീമിനെ ആദ്യം വനിന്‍ഡു ഹസരംഗയോടൊപ്പവും പിന്നീട് ദസുന്‍ ഷനയ്ക്കൊപ്പമുവുള്ള കൂട്ടുകെട്ടിന്റെ ബലത്തിലാണ് ധനന്‍ജയ ഡി സിൽവ മുന്നോട്ട് നയിച്ചത്.

അഞ്ചാം വിക്കറ്റിൽ 65 റൺസ് നേടിയ വനിന്‍ഡു – ധനന്‍ജയ കൂട്ടുകെട്ടിനെയും തകര്‍ത്തത് സാം കറനായിരുന്നു. 26 റൺസ് നേടിയ ഹസരംഗയെയാണ് സാം കറന്‍ വീഴ്ത്തി തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കിയത്. തുടര്‍ന്ന് ആറാം വിക്കറ്റിൽ താരം ഷനകയ്ക്കൊപ്പം 78 റൺസ് കൂടി നേടിയെങ്കിലും അര്‍ഹമായ ശതകത്തിന് 9 റൺസ് അകലെ ഡേവിഡ് വില്ലി താരത്തെ മടക്കിയയ്ക്കുകയായിരുന്നു.

Samcurran

ധനന്‍ജയ പുറത്താകുമ്പോള്‍ 164 റൺസ് നേടിയ ശ്രീലങ്കയുടെ ഇന്നിംഗ്സിനെ പിന്നീട് മുന്നോട്ട് നയിച്ചത് ദസുന്‍ ഷനക(47), ചാമിക കരുണാരത്നേ(21), ബുനുര ഫെര്‍ണാണ്ടോ(17), ദുഷ്മന്ത ചമീര(14*) എന്നിവര്‍ ചേര്‍ന്നാണ്. 9 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ശ്രീലങ്ക നേടിയത്. സാം കറന്‍ അഞ്ചും ഡേവിഡ് വില്ലി 4 വിക്കറ്റുമാണ് ഇംഗ്ലണ്ടിനായി നേടിയത്.