ഇരട്ട ശതകത്തിന്റെ ബലത്തിൽ ടെസ്റ്റ് റാങ്കിംഗിൽ മികച്ച അരങ്ങേറ്റം കുറിച്ച് ഡെവൺ കോൺവേ

ലോര്‍ഡ്സിൽ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ശതകം കുറിച്ച ഡെവൺ കോൺവേ ടെസ്റ്റ് റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു. 77ാം റാങ്കിലേക്കാണ് താരം ഉയര്‍ന്നത്. 447 റേറ്റിംഗ് പോയിന്റോടെയാണ് തന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തിലൂടെ താരം ഐസിസി പട്ടികയിലെത്തിയത്. ഇത്രയും റേറ്റിംഗ് പോയിന്റ് ഒരു ന്യൂസിലാണ്ട് താരം ഇതാദ്യമായിട്ടാണ് നേടുന്നത്.

ഐസിസി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ അരങ്ങേറ്റ റേറ്റിംഗ് പോയിന്റാണിത്. ഇംഗ്ലണ്ടിന്റെ ആര്‍ഇ ഫോസ്റ്റര്‍ ആണ് അരങ്ങേറ്റ പട്ടികയിൽ ഒന്നാമത്. കോൺവേയെക്കാൾ രണ്ട് പോയിന്റ് അധികമാണ് ഫോസ്റ്റര്‍ നേടിയത്. രണ്ടാം സ്ഥാനം വെസ്റ്റിന്‍ഡീസിന്റെ കൈല്‍ മയേഴ്സ് ആണ്. 447 പോയിന്റായിരുന്നു മയേഴ്സ് നേടിയത്.

ഫോസ്റ്റര്‍ 1903ൽ തന്റെ അരങ്ങേറ്റത്തിൽ ഓസ്ട്രേലിയയ്ക്കെതിരെെ 287 റൺസാണ് നേടിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കൈൽ മയേഴ്സ് ബംഗ്ലാദേശിനെതിരെ അരങ്ങേറ്റത്തിൽ 40, 210 എന്നീ സ്കോറുകള്‍ നേടിയത്. ഡെവൺ കോൺവേ ആദ്യ ഇന്നിംഗ്സിൽ 200 റൺസും രണ്ടാം ഇന്നിംഗ്സിൽ 23 റൺസും നേടി.