പൊരുതി വീണ് ചഹാര്‍, ഇന്ത്യയ്ക്കെതിരെ 4 റൺസ് വിജയവുമായി പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ വൈറ്റ് വാഷ് ഇന്ത്യ ഒഴിവാക്കുമെന്ന് തോന്നിപ്പിച്ച് 3 ഓവറിൽ 10 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരത്തെ എത്തിച്ച ദീപക് ചഹാര്‍ എട്ടാം വിക്കറ്റിൽ ജസ്പ്രീത് ബുംറയുമായി താരം നേടിയ 55 റൺസ് ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ നല്‍കിയെങ്കിലും ദീപക് ചഹാറിനെ നഷ്ടമായതോടെ ഇന്ത്യയുടെ ബാറ്റിംഗ് വീണ്ടും താളം തെറ്റുകയായിരുന്നു.

ഇന്ത്യ 4 പന്ത് അവശേഷിക്കവെ 283 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 4 റൺസിന്റെ വിജയം കരസ്ഥമാക്കാനും പരമ്പര 3-0ന് വിജയിക്കുവാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്ന് വീതം വിക്കറ്റുമായി ലുംഗിസാനി എന്‍ഗിഡിയും ആന്‍ഡിലെ ഫെഹ്ലുക്വായോയും തിളങ്ങിയപ്പോള്‍ ഡ്വെയിന്‍ പ്രിട്ടോറിയസിന് രണ്ട് വിക്കറ്റ് ലഭിച്ചു.

288 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി 65 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ശിഖര്‍ ധവാന്‍ 61 റൺസും നേടി. ശ്രേയസ്സ് അയ്യര്‍(26), സൂര്യകുമാര്‍ യാദവ്(39) എന്നിവരും നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ നേടിയപ്പോളും വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക മത്സരത്തിൽ സാധ്യത നിലനിര്‍ത്തുകയായിരുന്നു.

34 പന്തിൽ 54 റൺസ് നേടിയ ദീപക് ചഹാറും 12 റൺസുമായി ജസ്പ്രീത് ബുംറയും ആണ് ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ക്ക് വിലങ്ങ് തടി സൃഷ്ടിച്ചത്. വിജയം പത്ത് റൺസ് അകലെ നില്‍ക്കുമ്പോള്‍ ചഹാര്‍ പുറത്താകുകയായിരുന്നു.

അടുത്ത ഓവറിൽ ബുംറയും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.