ബംഗ്ലാദേശിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം ടെക്നിക്ക് അല്ലെന്നും നിര്‍ണ്ണായക ഘട്ടത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നതിലെ പാളിച്ചകളാണെന്നും പറഞ്ഞ് ടീമിന്റെ സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെരാത്ത്.
ഇന്ത്യയ്ക്കെതിരെ ചട്ടോഗ്രാമിൽ 133/8 എന്ന നിലയിലുള്ള ബംഗ്ലാദേശ് ഫോളോ ഓൺ ഒഴിവാക്കുവാന്‍ ഇനിയും 71 റൺസ് കൂടി നേടേണ്ടതുണ്ട്. മത്സരത്തിന്റെ പല ഘട്ടത്തിലും മൊമ്മന്റം നേടുവാന്‍ ബംഗ്ലാദേശിന് സാധിക്കുന്നുവെങ്കിലും അത് കൈവിടുന്നത് സ്ഥിരമാകുകയാണെന്നും അതാണ് ടീമിന് തിരിച്ചടിയാകുന്നതെന്നും ഹെരാത്ത് വ്യക്തമാക്കി.
എട്ട് വിക്കറ്റുകള്‍ നഷ്ടമായത് നിരാശാജനകമാണെങ്കിലും ഇനിയും മൂന്ന് ദിവസത്തെ കളി ബാക്കിയുള്ളതിനാൽ ടെസ്റ്റ് ക്രിക്കറ്റിൽ എന്തും സംഭവിക്കാം എന്നും ഹെരാത്ത് സൂചിപ്പിച്ചു.