ഏകദിനങ്ങള്‍ക്കും സ്റ്റോക്സില്ല, പകരം ദാവീദ് മലന്‍ ടീമില്‍

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ദാവീദ് മലനെ ഉള്‍പ്പെടുത്തി. ബ്രിസ്റ്റോള്‍ സംഭവത്തിനു ശേഷം ആഷസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റോക്സിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരി 14നു ആരംഭിക്കുന്ന പരമ്പരയ്ക്ക് മുമ്പ് കേസ് തീര്‍പ്പാവില്ല എന്ന് മനസ്സിലാക്കിയതോടെയാണ് സ്റ്റോക്സിനു പകരം ദാവീദ് മലനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്.

ആഷസില്‍ ഇംഗ്ലണ്ട് നിരയില്‍ ഫോം കണ്ടെത്തിയ ചുരുക്കം ചില ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ ആണ് ദാവീദ് മലന്‍. പെര്‍ത്തില്‍ മലന്‍ തന്റെ കന്നി ടെസ്റ്റ് ശതകവും സ്വന്തമാക്കിയിരുന്നു. ടി20 യില്‍ ഇംഗ്ലണ്ടിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം മുമ്പും പുറത്തെടുത്തിട്ടുള്ള താരമാണ് ദാവീദ് മലന്‍. സ്റ്റോക്സിന്റെ മടങ്ങി വരവ് എന്നുണ്ടാകുമെന്ന് വ്യക്തമാക്കുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും നിലവില്‍ കഴിയുന്നില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്നില്ലെങ്കിലും സ്റ്റോക്സിനു താല്പര്യമെങ്കില്‍ ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കുന്നതില്‍ ബോര്‍ഡിനു എതിര്‍പ്പൊന്നുമില്ല എന്ന് നേരത്തെ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ വ്യക്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial