ഓസ്‌ട്രേലിയയിൽ നടക്കുന്ന ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിക്കറ്റിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഡേവിഡ് വാർണർ . സിഡ്‌നിയിലെ റാൻഡ്വിക്ക് -പീറ്റെർഷം എന്ന ക്ലബിനു വേണ്ടിയാണു അദ്ദേഹം കളിക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ നടന്ന വിവാദങ്ങൾക്കു ശേഷം 12 മാസത്തെ വിലക്കു നേരിടുന്ന സാഹചര്യത്തിലാണ് വാർണർ സ്വന്തം ക്ലബിന് വേണ്ടി ഈ വർഷം കളിക്കാനെത്തിയത് .
17 നവംബർ 2018 ശനിയാഴ്ച നടന്ന മല്സരത്തിലാണ് വാർണർ പീറ്റർഷാമിന് വേണ്ടി ബൗളിങ്ങിൽ തിളങ്ങിയത്.ടോസ്നഷ്ടപ്പെട്ട് ആദ്യം ബൗളിംഗ് ചെയ്യേണ്ടി വന്ന പീറ്റർഷാമിനെതിരെ ഹക്സ്ബറി ക്ലബ് മികച്ച ബാറ്റിങാണ് കാഴ്ച വച്ചതു . ആദ്യ ഇന്നിങ്സിൽ 60 ഓവർ പിന്നിടുമ്പോൾ 260/3 എന്ന ശക്തമായ ശക്തമായ നിലയിലായിരുന്നു ഹക്സ്ബറി . ഈ അവസരത്തിലാണ് ഒരു ബൗളിംഗ് മാറ്റമായി വാർണർ എത്തിയത്.
തുടർച്ചയായി എറിഞ്ഞ 12 ഓവറിൽ 48 റൺസ് നൽകിയാണ് വാർണർ രണ്ടു വിക്കറ്റെടുത്തത് . വളരെ മികച്ച ബൗളിംഗ് പുറത്തെടുത്ത അദ്ദേഹം അടുത്തടുത്ത ഓവറുകളിൽ രണ്ടു വിക്കറ്റ് നേടി പീറ്റർഷാമിനെ തിരികെ മത്സരത്തിലേക്ക് കൊണ്ട് വന്നു.
മഴ കാരണം നേരത്തെ കളി നിർത്തി വയ്ക്കുമ്പോൾ 377/ 6 എന്ന നിലയിലാണ് ഹക്സ്ബറി . നവംബർ 24നാവും ഈ മത്സരം ഇനി തുടരുക . അന്നേ ദിവസം വാർണർ പീറ്റർഷാമിന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതിനാൽ ആരാധകരുടെ ഒരു വല്ല്യ കൂട്ടത്തെയാണ് പീറ്റർഷം ഓവലിൽ പ്രതീക്ഷിക്കുന്നത് .
പ്രീമിയർ ക്രിക്കറ്റിൽ രണ്ടു സെഞ്ച്വറി ഉൾപ്പടെ മികച്ച പ്രകടനമാണ് വാർണർ ഇതുവരെയും കാഴ്ച്ച വച്ചതു . വാർണറും സ്മിത്തും പ്രീമിയർ ക്രിക്കറ്റിൽ കളിക്കുന്നത് കൂടുതൽ ആരാധകരെ കളിക്കളത്തിലേക്കു ആകർഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സിഡ്‌നിയിലുള്ളത് . വിലക്കു അവസാനിക്കുന്നതോടോപ്പോം രണ്ടു പേർക്കും ഓസ്‌ടേലിയൻ ടീമിൽ തിരിച്ചെത്തുന്നതിനുള്ള സാധ്യതകൾക്ക് കൂടി ഈ മികച്ച പ്രകടനങ്ങൾ വഴിയൊരുക്കും എന്നു കരുതപ്പെടുന്നു .
ഓസ്‌ട്രേലിയയിലെ പ്രാദേശിക മത്സരങ്ങളുടെ അവസാന ഘട്ടങ്ങളിൽ സ്മിത്തും വാർണറും പങ്കെടുത്തേക്കും എന്ന സൂചനകളാണ് ഇപ്പോളുള്ളത് . ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തലപ്പത്തും കാര്യമായ അഴിച്ചുപണി നടക്കുന്ന ഈ സാഹചര്യത്തിൽ രണ്ടു കളിക്കാരുടെയും വിലക്ക് കുറക്കുന്നതിനെപ്പറ്റിയും സജീവമായ ചർച്ചകൾ നടക്കുന്നുണ്ട് .