ഏഷ്യാ കപ്പ് 2025-ന് മുന്നോടിയായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി സഞ്ജു സാംസണിന് പിന്തുണയുമായി രംഗത്ത്. ടോപ് ഓർഡറിൽ കളിക്കുമ്പോഴാണ് സഞ്ജു ഏറ്റവും അപകടകാരി എന്നും, അവിടെയാണ് അദ്ദേഹത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കുകയെന്നും ശാസ്ത്രി പറഞ്ഞു.

“സഞ്ജു ഏറ്റവും അപകടകാരിയാവുന്നത് ടോപ് ഓർഡറിലാണ്, അവിടെയാണ് അയാൾക്ക് ടീമിനെ മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുക. ഒരു ഇന്നിംഗ്‌സിൽ മികവ് കാണിച്ചാൽ പോലും അയാൾക്ക് ടീമിന് വിജയം നേടിക്കൊടുക്കാൻ സാധിക്കും,” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി പറഞ്ഞു.
ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതും അഭിഷേക് ശർമ്മ ഓപ്പണിംഗ് സ്ഥാനമുറപ്പിച്ചതും ഇന്ത്യൻ ഓപ്പണിംഗ് നിരയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിലാണ് ശാസ്ത്രിയുടെ ഈ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്.
ശാസ്ത്രിയുടെ ഈ അഭിപ്രായത്തിന് സഞ്ജുവിന്റെ മികച്ച റെക്കോർഡുകളുടെ പിൻബലമുണ്ട്. ഓപ്പണറായി കളിച്ച 14 ടി20 മത്സരങ്ങളിൽ നിന്ന് 182.2 സ്ട്രൈക്ക് റേറ്റിൽ 39.38 ശരാശരിയിൽ 512 റൺസാണ് സഞ്ജു നേടിയത്. കൂടാതെ, ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും സഞ്ജുവിനുണ്ട്.