കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് സൂക്ക്സ്, ബാര്‍ബഡോസിനെ വീഴ്ത്തിയത് മൂന്ന് റണ്‍സിന്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ വിജയകരമായി പ്രതിരോധിച്ച് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് നടന്ന മത്സരത്തില്‍ 92 റണ്‍സിന് സൂക്ക്സ് ഓള്‍ഔട്ട് ആയെങ്കിലും 89 റണ്‍സിന് എതിരാളികളായ ബാര്‍ബഡോസ് ട്രിഡന്റ്സിനെ എറിഞ്ഞ് പിടിച്ചാണ് സൂക്ക്സിന്റെ 3 റണ്‍സ് വിജയം.

അവസാന രണ്ടോവറില്‍ ജയിക്കുവാന്‍ 13 റണ്‍സായിരുന്നു ബാര്‍ബഡോസിന് വേണ്ടിയിരുന്നത്. കൈയ്യിലുള്ളത് 5 വിക്കറ്റും. എന്നാല്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിന് നേടാനായത് വെറും 10 റണ്‍സായിരുന്നു. ടോപ് ഓര്‍ഡറില്‍ 49 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സിന്റെ ഇന്നിംഗ്സ് ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനായിരുന്നില്ല.

ഒന്നാം വിക്കറ്റില്‍ ചാള്‍സും ഷായി ഹോപും ചേര്‍ന്ന് 32 റണ്‍സ് നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകളുമായി സൂക്ക്സ് മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. രണ്ട് വീതം വിക്കറ്റ് നേടിയ ജാവെല്ലേ ഗ്ലെന്‍, കെസ്രിക് വില്യംസ് എന്നിവരാണ് സൂക്ക്സിനായി തിളങ്ങിയത്.