ഗെയിലിന്റെ വാദങ്ങളെ തള്ളി തല്ലാവാസ്

തന്നെ പുറത്താക്കുന്നതിന് പിന്നില്‍ കളിച്ച പ്രധാന വ്യക്തി രാംനരേഷ് സര്‍വന്‍ ആണെന്ന ഗെയിലിന്റെ വാദങ്ങള്‍ തള്ളി ജമൈക്ക തല്ലാവാസ്. സര്‍വന്‍ അല്ല ഗെയിലിനെ നിലനിര്‍ത്തുവാതിരിക്കുവാനുള്ള കാരണമെന്ന തല്ലാവാസ് വ്യക്തമാക്കി. അത് കൂട്ടായി എടുത്ത തീരുമാനം ആണെന്നും അതില്‍ പങ്കാളികളായത് ടീം ഉടമകളും മാനേജ്മെന്റ് ടീമുമാണെന്നും രാംനരേഷ് സര്‍വന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മീഡിയ റിലീസിലൂടെ ടീം വ്യക്തമാക്കി.

ഈ തീരുമാനം ബിസിനസ്സ്, ക്രിക്കറ്റ് സംബന്ധമായ ഒന്ന് മാത്രമാണെന്നും അല്ലാതെ വ്യക്തിപരമായതല്ലെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗ് 2019 സീസണില്‍ ടീമിന് വളരെ മോശം ഫലമാണ് ലഭിച്ചത്. ടീം അവസാന സ്ഥാനക്കാരായപ്പോള്‍ ടീമിനെ മെച്ചപ്പെടുത്തുവാനുള്ള തീരുമാനങ്ങള്‍ ഉടമകളും ടീം മാനേജ്മെന്റും കൈക്കൊണ്ടുവെന്ന് തല്ലാവാസ് മാനേജ്മെന്റ് കുറിപ്പില്‍ അറിയിച്ചു.