ജമൈക്ക തല്ലാവാസിനോടൊപ്പം അടുത്ത സീസണില്‍ താന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് പറഞ്ഞ് ആന്‍ഡ്രേ റസ്സല്‍. കഴിഞ്ഞ ദിവസം തല്ലാവാസില്‍ നിന്ന് പടിയിറങ്ങിയ ക്രിസ് ഗെയില്‍ ഫ്രാഞ്ചൈസിയ്ക്കും രാമനരേഷ് സര്വനുമെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റസ്സലിന്റെ പുതിയ വെളിപ്പെടുത്തല്‍.
താന്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസികളില്‍ ഏറ്റവും വിചിത്രമായ ഫ്രാഞ്ചൈസിയാണ് ഇതെന്ന് ടീമിനെക്കുറിച്ച് റസ്സല്‍ പറഞ്ഞു. 2018ല്‍ ഡോപിംഗ് വിലക്കിന് ശേഷം തിരിച്ചെത്തിയ റസ്സലിനെ ക്യാപ്റ്റനായാണ് ടീമിലേക്ക് എത്തിച്ചത്. എന്നാല്‍ ഫ്രാഞ്ചൈസിയുടെ പ്രൊഫഷണലിസമില്ലായ്മയെക്കുറിച്ച് റസ്സല്‍ പരസ്യമായി പറഞ്ഞിരുന്നു.
ഇത് കൂടാതെ താന്‍ നിര്‍ദ്ദേശിച്ച താരങ്ങളെ ഡ്രാഫ്ടില്‍ സ്വന്തമാക്കാത്തതും റസ്സലിനെ ചൊടിപ്പിച്ചിരുന്നു. ഇതെല്ലാം താരം പരസ്യപ്പെടുത്തുകയും ചെയ്തു. താന്‍ ഇതുവരെ 13 ടി20 ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരമൊരു സമീപനം ജമൈക്കന്‍ ഫ്രാഞ്ചൈസിയ്ക്ക് ഇല്ലെന്നും റസ്സല്‍ പറഞ്ഞു.
2018ല്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും ടീം മികച്ചതായിരുന്നു. എന്നാല്‍ 2019ല്‍ അതായിരുന്നില്ല സ്ഥിതി. 2019ല്‍ റസ്സലും മോശം പ്രകടനം പുറത്തെടുത്തതോടെ ടീം അവസാന സ്ഥാനക്കാരായി പോയിന്റ് പട്ടികയില്‍ അവസാനിച്ചു. ഏതൊക്കെ താരങ്ങളെയാണ് സ്വന്തമാക്കുന്നത് അല്ലെങ്കില്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്ന തന്റെ ചോദ്യങ്ങള്‍ യാതൊരുവിധ മറുപടിയും ആരും തരാറില്ലെന്ന് റസ്സല്‍ പറഞ്ഞു.