മേയ് 22നു ലണ്ടനില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ പ്ലേയര്‍ ഡ്രാഫ്റ്റില്‍ പേര് നല്‍കി ഇര്‍ഫാന്‍ പത്താന്‍. താരത്തെ സ്വന്തമാക്കിയാല്‍ ഒരു വിദേശ ടി20 ലീഗില്‍ കളിയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരമെന്ന ബഹുമതി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സ്വന്തമാക്കുവാനാകും. എന്നാല്‍ ബിസിസിഐയുടെ അനുമതിയെ ആശ്രയിച്ചായിരിക്കും തീരുമാനം. ബിസിസിഐ പൊതുവേ ഇന്ത്യന്‍ താരങ്ങളുടെ വിദേശ ലീഗ് പങ്കാളിത്തത്തിനെ എതിര്‍ക്കുകയാണ് പതിവ്.
ഇര്‍ഫാനെ തിരഞ്ഞെടുത്താല്‍ ബോര്‍ഡില്‍ നിന്ന് എന്‍ഒസി നേടേണ്ടതായിട്ടുണ്ടാവും. താരം കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണില്‍ കളിച്ചിരുന്നില്ല. 2017ല്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. ഇപ്പോള്‍ ജമ്മു കാശ്മീരിനു വേണ്ടി കളിക്കാരനായും മെന്ററായും ഇര്‍ഫാന്‍ പ്രവര്‍ത്തിച്ച് വരികയാണ്.
20 രാജ്യങ്ങളില്‍ നിന്നായി 536 താരങ്ങളാണ് ഇത്തവണത്തെ പ്ലേയര്‍ ഡ്രാഫ്റ്റിനായി പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ ഏക ഇന്ത്യന്‍ താരമാണ് ഇര്‍ഫാന്‍ പത്താന്‍. സെപ്റ്റംബര്‍ 4 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുക.