വിജയ വഴിയിലേക്ക് തിരികെ എത്തി ബാ‍ർബഡോസ് റോയൽസ്

ആറ് വിജയങ്ങള്‍ക്ക് ശേഷം ഒരു മത്സരത്തിൽ ബാ‍ർബഡോസ് റോയൽസിന് കാലിടറിയെങ്കിലും വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തി ടീം. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മഴ തടസ്സം സൃഷ്ടിച്ച മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 29 റൺസിന്റെ വിജയം ആണ് ബാ‍ർബഡോസ് റോയൽസ് നേടിയത്.

16 ഓവറായി ചുരുക്കിയ മത്സരത്തിൽ 40 റൺസ് നേടിയ ജേസൺ ഹോള്‍ഡറുടെ മികവിൽ റോയൽസ് 107/6 എന്ന സ്കോര്‍ നേടുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍ 9 പന്തിൽ പുറത്താകാതെ 19 റൺസുമായി ജേസൺ ഹോള്‍ഡര്‍ക്കൊപ്പം അവസാനം വരെ ക്രീസിൽ നിന്നു. ഗയാന ആമസോൺ വാരിയേഴ്സിന് വേണ്ടി ചന്ദ്രപോള്‍ ഹേംരാജ് 3 വിക്കറ്റും ജൂനിയര്‍ സിന്‍ക്ലയര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഗയാന നിരയിൽ ആര്‍ക്കും തന്നെ തിളങ്ങാനാകാതെ പോയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ ടീമിന് 81 റൺസ് മാത്രമേ നേടാനായുള്ളു.