ഐബിഎസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇംപീരിയല്‍ കിച്ചന്‍

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ലീഗില്‍ മികച്ച വിജയവുമായി ഇംപീരിയല്‍ കിച്ചന്‍. ഇന്ന് നടന്ന മത്സരത്തില്‍ ഇംപീരിയല്‍ കിച്ചന്‍ ഐബിഎസ് സോഫ്ട്വയറിനെതിരെ 7 വിക്കറ്റ് ജയമാണ് കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഐബിഎസിനെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിന് എറിഞ്ഞ് പിടിച്ച ശേഷം ഇംപീരിയല്‍ കിച്ചന്‍ 12.4 ഓവറില്‍ 131 റണ്‍സ് നേടി ഏഴ് വിക്കറ്റ് വിജയം കുറിയ്ക്കുകയായിരുന്നു.

49 റണ്‍സ് നേടിയ അതുല്‍ജിത്ത് അനുവിനും 40 റണ്‍സ് നേടിയ അനസ് താഹയ്ക്കും പിന്തുണയായി നന്ദകുമാറും(31*) തിളങ്ങിയപ്പോള്‍ ഇംപീരിയല്‍ കിച്ചന്റെ വിജയം അതിവേഗത്തിലാകുകയായിരുന്നു. മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീം ലക്ഷ്യം മറികടന്നത്. ഐബിഎസിന് വേണ്ടി കൃഷ്ണന്‍ ഉണ്ണി ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നേടിയെങ്കിലും അതിന് മുമ്പ് തന്നെ കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 75 റണ്‍സ് നേടിക്കഴിഞ്ഞിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐബിഎസ് 40/3 എന്ന നിലയിലേക്ക് വീണ ശേഷം മധ്യനിരയുടെ ചെറുത്ത്നില്പിന്റെ ബലത്തിലാണ് 128 റണ്‍സിലേക്ക് എത്തിയത്. വിവേക് ഗോപന്‍(28), അനുല്‍(20), സന്തോഷ് ഹരിഹരന്‍(26*), കൃഷ്ണന്‍ ഉണ്ണി(16) എന്നിവരാണ് ടീമിന് വേണ്ടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയത്.

ഇംപീരിയലിന് വേണ്ടി ഷാനവാസും ബിജു നാരായണനും രണ്ട് വീതം വിക്കറ്റ് നേടി.

Advertisement