യുവതാരങ്ങളുടെ വേഗത ശുഭ സൂചന

- Advertisement -

യൂത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ശിവം മാവി, കമലേഷ് നാഗര്‍കോടി എന്നീ യുവ ബൗളര്‍മാര്‍ ഭാവിയില്‍ ഇന്ത്യയിലെ യുവാക്കളെ പേസ് ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ പ്രഛോദനമാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം. മുന്‍ ഇന്ത്യന്‍ പേസറും ബിസിസിഐ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്കിടേഷ് പ്രസാദ് ആണ് ഇങ്ങനെ പറഞ്ഞത്. 145 കിമി വേഗതയില്‍ സ്ഥിരമായി പന്തെറിയാന്‍ ഈ യുവ താരങ്ങള്‍ക്കാവുന്നുണ്ട്. ഇത് രാജ്യത്ത് ഇനിയും ഒട്ടനവധി പേസ് ബൗളര്‍മാര്‍ക്ക് ജന്മം നല്‍കാന്‍ ഇടയായേക്കുമെന്നാണ് പ്രസാദിന്റെ പ്രതീക്ഷ.

ഇന്ത്യ എന്നും മികച്ച ബാറ്റ്സ്മാന്മാര്‍ക്ക് ജന്മം നല്‍കിയ രാജ്യമാണ്, പിന്നെ ഒട്ടനവധി ചാമ്പ്യന്‍ സ്പിന്നര്‍മാര്‍ക്കും. വിരലിലെണ്ണാവുന്ന പേസ് ബൗളര്‍മാരാണ് രാജ്യത്ത് നിന്ന് തിളങ്ങാനായിട്ടുള്ളത്. ഇത്തരം ചെറുപ്പക്കാര്‍ ഈ പേസില്‍ പന്തെറിയുമ്പോള്‍ അതൊരു തലമുറയെ പേസ് ബൗളിംഗ് തിരഞ്ഞെടുക്കാന്‍ മുന്നോട്ട് കൊണ്ടുവരുമെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രസാദ് പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ പേസ് ബൗളിംഗ് ഇന്ത്യ കണ്ട ഏറ്റവും മികച്ചതെന്ന് പറയാവുന്നതാണ്. അതിനു ഉദാഹരണം തന്നെയാണ് രണ്ട് ടെസ്റ്റുകളിലും രണ്ട് ഇന്നിംഗ്സുകളിലും ദക്ഷിണാഫ്രിക്കയെ പുറത്താക്കുവാന്‍ സഹായിച്ചത്. ഈ യുവ താരങ്ങള്‍ ഐപിഎല്‍ കളിക്കരുതെന്ന് ഞാന്‍ ഇപ്പോള്‍ പറയില്ല. എന്നാലും ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റ് യുവ ബൗളര്‍മാരുടെ ആത്മവിശ്വാസം ഇല്ലാതാക്കിയേക്കാമെന്ന് പ്രസാദ് പറഞ്ഞു. തിരിച്ചടികളില്‍ തളരാതെ തിരിച്ചു വരുവാന്‍ കഴിവുള്ള താരങ്ങള്‍ മാത്രമാവും ഐപിഎലില്‍ ശോഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement