ബംഗ്ലാദേശ് പരിശീലകര്‍ക്ക് തമ്മില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ളത് ടീമിന് ഗുണം ചെയ്യും

- Advertisement -

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫുകള്‍ ഒരുമിച്ച പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പേസ് ബൗളിംഗ് കോച്ച് ചാള്‍ ലാംഗേവെല്‍ഡട്. ബംഗ്ലാദേശിന്റെ മുഖ്യ കോച്ച് റസ്സല്‍ ഡോമിംഗോ, ബാറ്റിംഗ് കോച്ച് നീല്‍ മക്കിന്‍സി, ഫീല്‍ഡിംഗ് കോച്ച് റയാന്‍ കുക്ക് എന്നിവരെല്ലാം തന്നെ ദക്ഷിണാഫ്രിക്കക്കാരാണ്, ഇത് കൂടാതെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ തങ്ങളെ കാത്തിരിക്കുന്നത് ഭാഷയുടെ വ്യത്യാസമെന്ന വലിയ വെല്ലുവിളിയാണെന്നും ചാള്‍ പറഞ്ഞു.

നാല് ദക്ഷിണാഫ്രിക്കക്കാര്‍ കോച്ചിംഗ് സ്റ്റാഫിലുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ചാള്‍ പ്രതീക്ഷിക്കുന്നത്. താന്‍ റസ്സല്‍ ഡോമിംഗോയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുളളതാണ്. ഒപ്പം തന്നെ നീലും റയാന്‍ കുക്കും എല്ലാം മികച്ച കോച്ചുമാരാണെന്നും ചാള്‍ വ്യക്തമാക്കി. ഒരു താരത്തിനൊപ്പം നേരിട്ട് ആശയവിനിമയം നടത്തുമ്പോള്‍ ആ താരം കൂടുതല്‍ തുറന്ന് സംസാരിക്കുവാനും ഒരു സംഘത്തില്‍ സംസാരിക്കുമ്പോളുള്ളതിനെക്കാള്‍ മികച്ച ഫീഡ്ബാക്ക് തരുന്നതായും പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താന്‍ ഭാഷയില്‍ അല്പം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും ചാള്‍ പറഞ്ഞു.

അവിടെ താരങ്ങള്‍ അതെ എന്ന് പറയുമെങ്കിലും പലപ്പോഴും ഒന്നും പിടികിട്ടിയില്ല എന്നത് താന്‍ പിന്നീട് മനസ്സിലാക്കിയിരുന്നു. അത് ഏറെക്കുറെ മറികടക്കുവാന്‍ തനിക്കായിട്ടുണ്ടെങ്കിലും ഭാഷ അറിയാവുന്ന വേറൊരാളുടെ സഹായം ഇത്തരം ഘട്ടത്തില്‍ താന്‍ ഉപയോഗിക്കുവാനാണ് പോകുന്നതെന്നു ചാള്‍ പറഞ്ഞു. അതിവേഗം സംസാരിക്കാതിരിക്കുകയെന്നതാണ് മറ്റൊരു പോംവഴിയെന്ന് ചാള്‍ സൂചിപ്പിച്ചു. താരങ്ങള്‍ക്ക് എന്നോട് സംസാരിക്കണമെങ്കില്‍ എന്റെ റൂമിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും ആവശ്യമെങ്കില്‍ പരിഭാഷിയുടെ സഹായം തേടാമെന്നും ചാള്‍ പറഞ്ഞു.

Advertisement