താരങ്ങളെ ക്വാറന്റൈന്‍ ചെയ്ത് കൊറോണ വിമുക്തമാക്കി കളി നടത്തുവാന്‍ പ്രാപ്തരാക്കുന്ന നടപടിയെ കളിക്കാര്‍ സ്വാഗതം ചെയ്തേക്കുമെന്ന് ക്രിസ് വോക്സ്

- Advertisement -

കൊറോണ കാലത്തിനിടെ ക്രിക്കറ്റ് നടത്തുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അതിലൊന്നാണ് ബയോ സുരക്ഷിതമായ ഗ്രൗണ്ടുകള്‍ ഒരുക്കുക. കളിക്കാരെ ക്വാറന്റൈന്‍ ചെയ്ത് നിരീക്ഷണത്തില്‍ വെച്ച് സുരക്ഷിതമായ സാഹചര്യം ഒരുക്കി ടൂര്‍ണ്ണമെന്റ് അടച്ചിട്ട ഗ്രൗണ്ടില്‍ നടത്തുക എന്നതാണ് ഒരു നിര്‍ദ്ദേശം വന്നത്. ഇത് താരങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുമന്നാണ് തനിക്ക് തോന്നുന്നത് ക്രിസ് വോക്സ് പറഞ്ഞു.

താരങ്ങള്‍ക്ക് ഇതില്‍ ഏറെ സന്തോഷമായിരിക്കും. പ്രശ്നം എത്ര നാള്‍ ഈ സമീപനം വേണ്ടി വരും എന്നതാണെന്നും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ പറഞ്ഞു. ഇത് മൂന്ന് മാസം വേണ്ടി വരുമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കായിക താരങ്ങള്‍ക്ക് താല്പര്യമുണ്ടാകുകയില്ല. എന്നാലത് മൂന്നോ നാലോ ആഴ്ചത്തേയ്ക്കാണെങ്കില്‍ ക്രിക്കറ്റ് താരങ്ങള്‍ അതിന് തയ്യാറാകുമെന്നും വോക്സ് പറഞ്ഞു.

ശ്രമകരമായ കാര്യമാണെന്ന് അറിയാം, എന്നാലും എല്ലാവരും ടെസ്റ്റ് ചെയ്യപ്പെടേണ്ടതാണ് ഇപ്പോള്‍ ലോകത്തിന് ആവശ്യം. അസുഖം ബാധിച്ചവരാണെങ്കില്‍ അവരെ ഐസോലഷനില്‍ ആക്കിയാല്‍ ബാക്കിയുള്ളവര്‍ സുരക്ഷിതരാവും ഇവര്‍ക്കും വേണ്ട പരിചരണം ലഭിക്കുമെന്നും ക്രിസ് വോക്സ് പറഞ്ഞു. എന്നാല്‍ കായിക താരങ്ങളാണെന്ന് പറഞ്ഞ് ഇത്തരം സൗകര്യങ്ങളൊക്കെ നമുക്ക് മാത്രം ആവശ്യപ്പെടാനാകില്ല.

ലോകത്ത് നമ്മളെക്കാള്‍ ഈ സൗകര്യങ്ങള്‍ ആവശ്യമായവരുണ്ട്, അതിനാല്‍ തന്നെ ഇപ്പോള്‍ വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ് അത് പോലെ ചെയ്യുക എന്നതാണ് ശരിയായ കാര്യമെന്ന് ക്രിസ് വോക്സ് വ്യക്തമാക്കി.

Advertisement