ഗെയിലടിയിൽ പരമ്പര സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടിയപ്പോള്‍ ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 14.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

മാത്യു വെയിഡ്(23), ആരോൺ ഫിഞ്ച്(30), മോസസ് ഹെന്‍റിക്സ്(33), ആഷ്ടൺ ടര്‍ണര്‍(24) എന്നിവരാണ് ഓസ്ട്രേലിയയുടെ പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസ് ബൗളര്‍മാരിൽ ഹെയ്ഡന്‍ വാൽഷ് 2 വിക്കറ്റും ഒബേദ് മക്കോയി, ഡ്വെയിന്‍ ബ്രാവോ, ഫാബിയന്‍ അല്ലെന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ക്രിസ് ഗെയിൽ ക്രീസിലെത്തിയതോടെ കളി മാറുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ലെന്‍ഡൽ സിമ്മൺസിനൊപ്പം 38 റൺസ് നേടിയ ഗെയിൽ നിക്കോളസ് പൂരനൊപ്പം മൂന്നാം വിക്കറ്റിൽ 67 റൺസാണ് സ്കോറിനോട് കൂട്ടിചേര്‍ത്തത്.

38 പന്തിൽ 67 റൺസ് നേടിയ ഗെയിൽ ഏഴ് സിക്സുകളാണ് നേടിയത്. ഗെയിൽ പുറത്തായ ശേഷം പൂരന്‍ 32 റൺസുമായി വിന്‍ഡീസ് വിജയം ഉറപ്പാക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി റൈലി മെറിഡിത്ത് മൂന്ന് വിക്കറ്റ് നേടി.