ചേസേഴ്സിന്റെ വെല്ലുവിളി അതിജീവിച്ച് ടിസിഎ കായംകുളം, 14 റണ്‍സ് ജയം

- Advertisement -

14 റണ്‍സിന്റെ വിജയവുമായി ടിസിഎ കായംകുളം.ഇന്ന് ചേസേഴ്സിനെയാണ് ടീം ആവേശകരമായ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. 20 ഓവറുകള്‍ പിന്നിടുമ്പോള്‍ ചേസേഴ്സിന് വിജയിക്കുവാന്‍ 30 പന്തില്‍ നിന്ന് 5 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വെറും 41 റണ്‍സായിരുന്നു വേണ്ടിയിരുന്നതെങ്കിലും പിന്നീടുള്ള ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ടിസിഎ കായംകുളം സെലസ്റ്റിയല്‍ ട്രോഫിയിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ 14 റണ്‍സിന്റെ വിജയം കരസ്ഥമാക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ കണ്ടത്.

ആദ്യം ബാറ്റ് ചെയ്ത ടിസിഎയ്ക്ക് വേണ്ടി മുഹമ്മദ് അജ്മല്‍ 24 പന്തില്‍ നിന്ന് 64 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയപ്പോള്‍ ജയകൃഷ്ണനും 41 റണ്‍സുമായി താരത്തിന് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ന്ന ശേഷം സച്ചിന്‍(22), ശരത് കുമാര്‍(19) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഭരത് ലാല്‍ മൂന്നും അഖില്‍ രണ്ടും വിക്കറ്റ് നേടി ടിസിഎ ബൗളര്‍മാരില്‍ തിളങ്ങി.

ഗോകുല്‍ കൃഷ്ണന്‍(45), കൃഷ്ണകുമാര്‍(29) എന്നിവര്‍ക്കൊപ്പം ചേസേഴ്സ് മധ്യനിരയുംറണ്‍സ് കണ്ടെത്തിയെങ്കിലും ഹരിശാന്ത്(18), സൂരജ് ഹരീന്ദ്രന്‍(15), അജിന്‍ ദാസ്(15) എന്നിവരെല്ലാം തന്നെ അധിക സമയം ക്രീസില്‍ നില്‍ക്കാനാകാതെ മടങ്ങിയപ്പോള്‍ ടീം തകരുകയായിരുന്നു. 134/5 എന്ന നിലയില്‍ നിന്ന് 24.2 ഓവറില്‍ ചേസേഴ്സ് ഓള്‍ ഔട്ട് ആവുകയായിരുന്നു.

തന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം രണ്ട് വിക്കറ്റ് നേടുകയും ചെയ്ത മുഹമ്മദ് അജ്മല്‍ ആണ് കളിയിലെ താരം. ക്രിസ്റ്റഫര്‍, റോജിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി അജ്മലിന് മികച്ച പിന്തുണ നല്‍കി.

Advertisement